
‘ദൈവം കാലത്തെ ഓട്ടോറിക്ഷ പിടിച്ചുവന്ന് ആർക്കും ഒന്നും കൊടുക്കില്ല; ജീവകാരുണ്യ പ്രവർത്തനം ആരും പറഞ്ഞിട്ട് ചെയ്യേണ്ടതല്ല’: മമ്മൂട്ടി
പത്തനംതിട്ട: ജീവകാരുണ്യ പ്രവർത്തനങ്ങൾ ആരും പറഞ്ഞിട്ട് ചെയ്യേണ്ട കാര്യമല്ലെന്ന് നടൻ മമ്മൂട്ടി. സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. പരുമല പെരുന്നാൾ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ജീവകാരുണ്യ പ്രവർത്തനങ്ങൾ ആരും പറഞ്ഞിട്ട് ചെയ്യേണ്ട കാര്യമല്ല.
നമുക്ക് തോന്നിയിട്ട് ചെയ്യേണ്ടതാണ്. സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും കടമയാണ്. ദൈവം കാരുണ്യവാനാണെന്ന് നമ്മൾ വിശ്വസിക്കുന്നു. ദൈവം കാലത്തെ ഓട്ടോറിക്ഷ പിടിച്ചുവന്ന് ആർക്കും ഒന്നും കൊടുക്കാൻ പോവുന്നില്ല. പക്ഷേ, കരുണയുള്ള മനുഷ്യരെ സൃഷ്ടിച്ച് സഹജീവികളോട് കാരുണ്യത്തോടെ പെരുമാറാനാണ് ദൈവം പറയുന്നത്.
അങ്ങനെ കാരുണ്യത്തോടെ പെരുമാറുന്നതാണ് ദൈവ സ്‌നേഹവും ഭക്തിയും. പള്ളിയിലും മറ്റ് തലത്തിലും നിങ്ങൾ ചെയ്യുന്ന ഓരോ തുട്ടും ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കാണ് പോകുന്നത്. ഭക്തിയുടെ ഓരോ തുട്ടും, ദൈവം നിങ്ങളെ ഏൽപ്പിച്ച ഓരോ പൈസയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തന്നെയാണ് പോകുന്നത്”.- മമ്മൂട്ടി പറഞ്ഞു.
ഞായറാഴ്ചയായിരുന്നു പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാൾ സമാപന സമ്മേളനം. പരുമല ആശുപത്രിയും മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന സൗജന്യ കാൻസർ ചികിത്സ പദ്ധതിയായ സുകൃതം 2.0 ചടങ്ങിൽ പ്രഖ്യാപിച്ചു.








