Vazhchayugam

Live News

28.3°C
  • Kottayam
October 17, 2026
Follow Us:
VazhchayugamBlogKeralaപട്ടികജാതി വിഭാഗങ്ങളുടെ കണക്കുകളുണ്ടോ? സർവേ നടന്നിട്ട് 13 വർഷം; ഇരുട്ടിൽത്തപ്പി സർക്കാർ

പട്ടികജാതി വിഭാഗങ്ങളുടെ കണക്കുകളുണ്ടോ? സർവേ നടന്നിട്ട് 13 വർഷം; ഇരുട്ടിൽത്തപ്പി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങളുടെ കൃത്യമായ സ്ഥിതിവിവരക്കണക്കുകളില്ലാതെ പട്ടികജാതി വികസന വകുപ്പ്. പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസപരമായ സ്ഥിതിവിവരക്കണക്ക് സർവേ സർക്കാർ അവസാനമായി നടത്തിയത് 2013ലാണ്. കില, പട്ടികജാതി വികസന വകുപ്പ്, തദ്ദേശ വകുപ്പ് എന്നിവർ സംയുക്തമായി നടത്തിയ ആ സർവേ പ്രകാരമാണ് സർക്കാർ ഇപ്പോഴും പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. പട്ടികവർഗ വിഭാഗങ്ങളുടെ സ്ഥിതിവിവരക്കണക്ക് സംബന്ധിച്ച സർവേ അവസാനമായി നടത്തിയത് 2017ലാണ്. പട്ടികജാതി-വർഗ വിഭാഗങ്ങളുടെ സ്ഥിതിവിവരക്കണക്ക് സർവേ സർക്കാർ പുതിയതായി നടത്തണമെന്ന ആവശ്യമുന്നയിച്ച് ദലിത് സംഘടനകൾ.

പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നതിനും സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ആവിഷ്കരിച്ച ദാക്ഷായണി സ്വയംതൊഴിൽ സഹായ പദ്ധതി, സംസ്ഥാനത്തെ അസംബ്ലി നിയോജക മണ്ഡലങ്ങളിൽ 15 കുടുംബങ്ങളിൽ താഴെ പട്ടികജാതി കുടുംബങ്ങൾ ഒരിടത്ത് അധിവസിക്കുന്നതും കുറഞ്ഞത് മൂന്ന് പട്ടികജാതി കുടുംബങ്ങളെങ്കിലും ഉള്ളതുമായ പ്രദേശങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പഞ്ചമി ഗ്രാമം വികസന പദ്ധതി, പട്ടികജാതിക്കാർക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകരെ സൃഷ്ടിക്കുന്നതിനുമായി നടപ്പിലാക്കുന്ന കെ ബിസ് പദ്ധതി, പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ അംഗങ്ങളാക്കി സൂക്ഷ്മ സംരംഭങ്ങളോ സ്വയംതൊഴിൽ സംരംഭങ്ങളോ ആരംഭിക്കുന്നതിനുള്ള വനിതാസമൃദ്ധി-സ്ത്രീ ശാക്തീകരണ പദ്ധതി എന്നിവയാണ് സർക്കാർ നടപ്പിലാക്കുന്ന പ്രധാന പദ്ധതികൾ.

ഈ പദ്ധതികളെല്ലാം ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും 2013ലെ സർവേ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ്. വിവിധ ജില്ലകളിലെ നിലവിലെ സാഹചര്യം മനസ്സിലാക്കി പുതിയ സർവേ നടത്തണമെന്ന് ആവശ്യം വർഷങ്ങളായി ദലിത് സംഘടനകൾ മുന്നോട്ടു വയ്ക്കുന്നതാണ്. എന്നാൽ, എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾ അതിനു തയാറായിട്ടില്ല. ഈ ആവശ്യം ഉന്നയിച്ച് നിരവധി തവണ സർക്കാരിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് കേരള ദലിത് മഹാസഭ സംസ്ഥാന പ്രസിഡൻ്റ് സി എസ് മുരളി ശങ്കർ പറഞ്ഞു. പട്ടികജാതി വിഭാഗങ്ങളുടെ സ്ഥിതിവിവരക്കണക്ക് സർവേ 2021ൽ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും നടപടികൾ മുന്നോട്ടു പോയിട്ടില്ലെന്ന് പട്ടികജാതി വികസന വകുപ്പ് അധികൃതർ പറഞ്ഞു.

സംസ്ഥാനത്ത് ഭവനരഹിതരായ പട്ടികജാതി വിഭാഗങ്ങൾ ഏറെയാണ്. സർക്കാരിൻ്റെ കൈവശം നിലവിലുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ 45,403 ഭവനരഹിതരും 44,800 ഭൂരഹിത ഭവനരഹിതരുമായ പട്ടികജാതി കുടുംബങ്ങളുണ്ട്. പട്ടികജാതി വിഭാഗക്കാരുടെ ലൈഫ് മിഷൻ മുഖേനയുള്ള ഭവന നിർമാണത്തിൻ്റെ ഒന്നാം ഘട്ടത്തിൽ മുൻ വർഷങ്ങളിൽ വിവിധ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും മുഖേന അനുവദിച്ച വീടുകളിൽ പൂർത്തിയാകാതെ അവശേഷിച്ച വീടുകളുടെ പൂർത്തീകരണമാണ് നടത്തിയത്.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട 1,43,576 ഭവനങ്ങളാണ് ലൈഫ് മിഷൻ മുഖേന നിർമിക്കുന്നതിന് ധനസഹായം നൽകിയത്. പട്ടികജാതി കുടുംബങ്ങൾക്ക് സുരക്ഷിത ഭവനം ഉറപ്പാക്കുന്നതിലേക്കായി പട്ടികജാതി വികസന വകുപ്പ് മുഖേന നേരിട്ട് നടപ്പിലാക്കുന്ന പുതിയ ഭവന പദ്ധതിയുടെ മാർഗരേഖ സർക്കാർ അംഗീകരിച്ചെങ്കിലും തുടർ നടപടികൾ മുന്നോട്ടു പോയിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags