Vazhchayugam

Live News

28.3°C
  • Kottayam
September 13, 2026
Follow Us:
VazhchayugamBlogKeralaKerala”രോഗികളെ വലയ്ക്കാനാകില്ല”; 108 ആംബുലൻസ് സമരത്തിനെതിരെ എസ്‌മ, ആഭ്യന്തര മന്ത്രിയ്‌ക്ക് കത്ത് നൽകി ആരോഗ്യ മന്ത്രി

”രോഗികളെ വലയ്ക്കാനാകില്ല”; 108 ആംബുലൻസ് സമരത്തിനെതിരെ എസ്‌മ, ആഭ്യന്തര മന്ത്രിയ്‌ക്ക് കത്ത് നൽകി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് സർവീസിൻ്റെ പ്രവർത്തനം തടസപ്പെടുത്തുന്ന സമരങ്ങൾക്കെതിരെ കടുത്ത നടപടിയുമായി ആരോഗ്യവകുപ്പ്. പണിമുടക്കുകൾ ഒഴിവാക്കാൻ എസൻഷ്യൽ സർവീസസ് മെയിന്റനൻസ് ആക്‌ട് (എസ്‌മ) പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി.

108 ആംബുലൻസ് ജീവനക്കാരുടെ യൂണിയൻ സെപ്‌തംബർ 17 മുതൽ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്കിൻ്റെ പശ്ചാത്തലത്തിലാണ് അടിയന്തര ഇടപെടൽ. വിവിധ സംഘടനകൾ അടിക്കടി ഇത്തരത്തിൽ സമരം ചെയ്യുന്നത് രോഗികളെ വലയ്ക്കുന്ന സാഹചര്യത്തിലാണ് സമരങ്ങളെ ശക്തമായി നേരിടാൻ സർക്കാർ തീരുമാനിച്ചതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു.

പണിമുടക്ക് തടയുന്നതിനും സംസ്ഥാനത്തെ അടിയന്തര ആംബുലൻസ് സേവനം തടസമില്ലാതെ തുടരുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ. മുരളീധരൻ കത്തിൽ ആവശ്യപ്പെട്ടു. 2025–26 വർഷത്തെ ബോണസ് സംബന്ധിച്ച തർക്കമാണ് 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപനത്തിന് പിന്നിൽ. കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ ഈമാസം ഈമാസം 17ന് രാവിലെ എട്ട് മുതൽ 18ന് രാവിലെ എട്ട് വരെ 24 മണിക്കൂർ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന 108 ആംബുലൻസ് സംവിധാനം സംസ്ഥാനത്തെ അടിയന്തര ആരോഗ്യസംവിധാനത്തിൻ്റെ പ്രധാനഘടകമാണ്. അപകടങ്ങൾ, ഗുരുതര രോഗാവസ്ഥകൾ, പ്രസവ അടിയന്തര സാഹചര്യങ്ങൾ തുടങ്ങിയ ഘട്ടങ്ങളിൽ രോഗികളെ ആശുപത്രികളിലെത്തിക്കുന്നതിൽ 108 ആംബുലൻസുകൾക്ക് നിർണായക പങ്കുണ്ട്.

പണിമുടക്ക് മൂലം സേവനം തടസപ്പെട്ടാൽ അടിയന്തര ചികിത്സ ആവശ്യമായ രോഗികൾക്ക് വലിയ പ്രതിസന്ധിയുണ്ടാകുകയും ചികിത്സ വൈകുന്നത് ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യമുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തെ സാധാരണ തൊഴിൽ തർക്കത്തിന് അപ്പുറം ഗൗരവമായ വിഷയമായി ആരോഗ്യവകുപ്പ് കാണുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags