Vazhchayugam

Live News

28.3°C
  • Kottayam
September 13, 2026
Follow Us:
VazhchayugamBlogNational‘അധികാരത്തിന്റെ പിരമിഡ് മാറ്റണം’; ഗ്ലോബല്‍ സൗത്ത് അവഗണന നേരിടുന്നുവെന്ന് മോദി; ബ്രിക്‌സ് ഉച്ചകോടിക്ക് തുടക്കം

‘അധികാരത്തിന്റെ പിരമിഡ് മാറ്റണം’; ഗ്ലോബല്‍ സൗത്ത് അവഗണന നേരിടുന്നുവെന്ന് മോദി; ബ്രിക്‌സ് ഉച്ചകോടിക്ക് തുടക്കം

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ ആഗോളതലത്തില്‍ കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള ഭരണസംവിധാനങ്ങള്‍ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രതിസന്ധികള്‍ നേരിടുന്നതില്‍ ‘ഗ്ലോബല്‍ സൗത്ത്’ രാജ്യങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അവഗണന നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരത്തിന്റെയും പദവിയുടെയും പിരമിഡിനെ പങ്കാളിത്തത്തിന്റെ വേദിയാക്കി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ആഗോള സംഘടകളുടെ മുന്‍പന്തിയില്‍ തന്നെ ഗ്ലോബല്‍ സൗത്ത് ഇരിക്കുമ്പോഴും തീരുമാനങ്ങളെടുക്കുമ്പോള്‍ പിന്നിലാണ്. ഈ അധികാരത്തിന്റെ പിരമിഡിനെ നമുക്ക് എല്ലാവര്‍ക്കും തുല്യ പങ്കാളിത്തം കിട്ടുന്ന സഹകരണത്തിന്റെ പ്ലാറ്റ്‌ഫോമാക്കി മാറ്റണം. അത്തരത്തിലാണ് മാനവികതയെ പുരോഗതിയിലേക്ക് നയിക്കേണ്ടത്. ആഗോള ഭരണക്രമത്തില്‍ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ബ്രിക്‌സ് റിഫോം റോഡ്മാപ് തയ്യാറായിക്കഴിഞ്ഞു. പ്രാതിനിധ്യം, ഉത്തരവാദിത്തം, നിയമനിര്‍മാണം എന്നീ മൂന്ന് അടിസ്ഥാന തൂണുകളില്‍ ഊന്നിയുള്ളതാണ് ഈ മാര്‍ഗനിര്‍ദ്ദേശം.

യുഎന്‍ സുരക്ഷാസമിതിയുടെ പരിഷ്‌കരണം ഇനിയും വൈകിക്കൂടാ. ഇക്കാര്യത്തില്‍ എത്രയും വേഗം വ്യക്തമായ തീരുമാനമുണ്ടാകണം. സമാനമായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിലും വോട്ടിങ്ങിലും നയപരമായ കാര്യങ്ങളിലും മാറ്റമുണ്ടാകണം. ബ്രിക്‌സ് രാജ്യങ്ങള്‍ എപ്പോഴും കൂട്ടായ സമവായത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്, ആര്‍ക്കുമെതിരായല്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ബ്രിക്‌സ് ആഗോളതലത്തില്‍ ശക്തമായൊരു മേല്‍വിലാസം ഉണ്ടാക്കിയെടുത്തിട്ടുണ്ട്’ -മോദി പറഞ്ഞു.

നയപരമായ ചര്‍ച്ചകളും സുപ്രധാന കൂടിക്കാഴ്ചകളുമാണ് ഡല്‍ഹിയില്‍ പുരോഗമിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കളാണ് ഇന്ത്യയുടെ ആതിഥേയത്വത്തിലുള്ള ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ആഗോള ജിഡിപിയില്‍ ബ്രിക്‌സ് രാജ്യങ്ങളുടെ പങ്ക് ഗണ്യമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, വ്യാപാരം, സുസ്ഥിര വികസനം, നവീകരണം, സുപ്രധാന നയപരമായ വിഷയങ്ങള്‍ എന്നിവ ഉച്ചകോടിയില്‍ ചര്‍ച്ചയാകുന്നുണ്ട്. പ്രതിരോധശേഷി, നവീകരണം, പരസ്പര സഹകരണം, സുസ്ഥിരവികസനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഇന്ത്യ ഉച്ചകോടിയെ സമീപിക്കുന്നത്.

ഉച്ചകോടിയിൽ ഏറെ അനിശ്ചിതത്വം നിലനിന്നിരുന്ന സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്ന കാര്യത്തിൽ അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായതായാണ് സൂചന. പശ്ചിമേഷ്യൻ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രാജ്യങ്ങൾ തമ്മിൽ നിലനിന്നിരുന്ന അഭിപ്രായ ഭിന്നത സംയുക്ത പ്രസ്താവനയ്ക്ക് തടസ്സമായിരുന്നു. എന്നാൽ, ഇന്ത്യൻ നയതന്ത്ര സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ മാരത്തോൺ ചർച്ചകളെത്തുടർന്ന് തർക്കവിഷയങ്ങളിൽ അനുരഞ്ജനമുണ്ടായതായാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags