
കേരളത്തില്‍ ദീര്‍ഘ വ്യവസായ ഇടനാഴി കൊണ്ടുവരുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: തിരുവോണ ദിവസം മലയാളികള്‍ക്ക് ഓണ സമ്മാനവുമായി വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.കേരളത്തില്‍ ദീര്‍ഘ വ്യവസായ ഇടനാഴി കൊണ്ടുവരുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ചൈനയ്ക്ക് സമാനമായി കേരളത്തില്‍ കുടില്‍ വ്യവസായത്തിലൂടെ നിര്‍മിക്കുന്ന വസ്തുക്കള്‍ ലോകത്തിന് മുന്നിലേക്ക് എത്തിക്കാനുള്ള അവസരമുണ്ടാക്കും.

കേരളത്തില്‍ പുതിയ ദേശീയപാതയുടെ ഇരുവശങ്ങളിലുമായി വ്യവസായ മേഖലകള്‍ നിര്‍മിക്കും. അന്താരാഷ്ട്ര സര്‍വകലാശാലകള്‍ ഉള്‍പ്പെടെ സാങ്കേതിക വിദ്യയും വ്യവസായങ്ങളും വരണം. കൂട്ടത്തില്‍ നമ്മുടെ കൈത്തറിയും കരകൗശല വസ്തുക്കളുമുള്‍പ്പെടെയുള്ളവയ്ക്കും സ്ഥാനമുണ്ടാകണം എന്നും മന്ത്രി പറഞ്ഞു.

ദുബായ്- അബുദാബി റോഡിന് സമാനമായി വിമാനത്താവളങ്ങളും തുറമുഖങ്ങളും ബന്ധിപ്പിച്ചുകൊണ്ട് ദീര്‍ഘ വ്യവസായ ഇടനാഴി നിര്‍മിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാലക്കാട് കൊച്ചി ഇടനാഴിയും കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത് വ്യവസായ മേഖലയും നിര്‍മിച്ചിട്ടുണ്ട്. അതിന് സമാനമായി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേക വ്യവസായ മേഖലകളുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.








