
നേപ്പാളിനെ പിടിച്ചുലച്ച് മിന്നല്‍ പ്രളയം, മരണം 95 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 ലേറെ പേരെ കാണാനില്ല; 77 കൈലാസ തീര്‍ത്ഥാടകരെക്കുറിച്ചും വിവരമില്ല, തിരച്ചിൽ
കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുലച്ച മിന്നല്‍ പ്രളയത്തില്‍ മരണം 95 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 105 ഇന്ത്യാക്കാരും 37 പ്രവാസി ഇന്ത്യാക്കാരും ഉള്‍പ്പെടെ 400 ഓളം പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. പ്രളയത്തില്‍ കുടുങ്ങിയ 250 ഓളം പേരെ രക്ഷപ്പെടുത്തിയതായി നേപ്പാള്‍ പ്രധാനമന്ത്രി ബലേന്‍ ഷാ അറിയിച്ചു. അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കുടിവെള്ളം, മരുന്നുകള്‍, ഇടക്കാല താമസസ്ഥലം എന്നിവ ഒരുക്കും. തകര്‍ന്ന പാലങ്ങള്‍, വൈദ്യുതി വിതരണം, കുടിവെള്ള ശൃംഖലകള്‍ എന്നിവ പുനഃസ്ഥാപിക്കാന്‍ മുന്‍ഗണന നല്‍കുമെന്നും പ്രധാനമന്ത്രി ബലേന്‍ ഷാ അറിയിച്ചു. ടിബറ്റിനോട് ചേര്‍ന്നുള്ള റസുവ ജില്ലയിലാണ് വന്‍ നാശം വിതച്ച് മിന്നല്‍ പ്രളയമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍, വാഹനങ്ങള്‍, വീടുകള്‍, പാലങ്ങള്‍ തുടങ്ങിയ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി.

ഭോട്ടെ കോശി നദിയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതോടെയാണ് മിന്നല്‍ പ്രളയമുണ്ടായത്. നുവാകോട്ട്, ധാഡിങ് ജില്ലകളിലും കനത്ത നാശനഷ്ടമുണ്ടായി. 291 വിദേശികളും 93 നേപ്പാളി പൗരന്മാരും അടക്കം 384 സഞ്ചാരികളെ കാണാതായതായി നേപ്പാള്‍ ടൂറിസം ബോര്‍ഡ് അറിയിച്ചു. കൈലാസ് യാത്രയ്ക്ക് പോയ 77 തീര്‍ത്ഥാടകരെ കാണാനില്ലെന്ന് ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനും ആത്മീയഗുരുവുമായ ജഗ്ഗി വാസുദേവ് അറിയിച്ചു. കൈലാസ യാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ നഷ്ടമായതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ കൈലാസ തീര്‍ത്ഥാടന ഗ്രൂപ്പുകളിലൊന്നില്‍ നിന്നുള്ള 77 തീര്‍ത്ഥാടകര്‍ ടിബറ്റിലെ ഗൈറോങ്ങിലെ ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ നില്‍ക്കെയാണ് പ്രളയജലം ഇരച്ചെത്തിയത്. വെള്ളപ്പൊക്കത്തില്‍ ഇമിഗ്രേഷന്‍ കെട്ടിടത്തിന്റെ ഭൂരിഭാഗവും മുങ്ങിയതായാണ് വിവരമെന്നും ജഗ്ഗി വാസുദേവ് അറിയിച്ചു. അതേസമയം, അപകടസ്ഥലത്ത് കുടുങ്ങിപ്പോയ മലയാളി വിനോദസഞ്ചാരി സംഘം സുരക്ഷിതരാണെന്നാണ് സൂചന. ഗലാച്ചിയിലാണ് കാസര്‍കോടു നിന്നുള്ള 36 അംഗ ടൂറിസ്റ്റ് സംഘം കുടുങ്ങിയത്.







