
വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ആര്യവീര്‍ സെവാഗ്; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം
മസ്കറ്റ്: അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നേപ്പാളിനെതിരെ ഇന്ത്യന്‍ യുവനിരയ്ക്ക് തകര്‍പ്പന്‍ ജയം. മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗിന്റെ മകന് ആര്യവീറിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ മികവില്‍ ഇന്ത്യ 10 വിക്കറ്റ് വിജയമാണ് കരസ്ഥമാക്കിയത്. നേപ്പാള്‍ മുന്നോട്ടുവെച്ച 129 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19 ഓവറില്‍ മറികടന്നു.
ഇന്ത്യയ്ക്ക് വേണ്ടി ആര്യവീറും ലക്ഷ്യ റായ്ചന്ദാനിയുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും അര്‍ധസെഞ്ച്വറി നേടി പുറത്താകാതെ നിന്നു. ആര്യവീര്‍ സെവാഗ് 52 പന്തില്‍ 70 റണ്‍സെടുത്തു. ഇതില്‍ നാല് സിക്സും 7 ബൗണ്ടറികളും ഉള്‍പ്പെടുന്നു. ലക്ഷ്യ 63 പന്തില്‍ 7 ബൗണ്ടറികളുടെ സഹായത്തോടെ 53 റണ്‍സെടുത്തു.
ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ അണ്ടര്‍ 19 ടീം 42 ഓവറില്‍ 128 റണ്‍സിന് എല്ലാവരും പുറത്തായി. 43 റണ്‍സെടുത്ത് ദര്‍ശ് സോണറാണ് ടോപ് സ്കോറര്‍. ആശിഷ് ലോഹര്‍ 29 ഉം, നീരജ് യാദവ് 20 റണ്‍സുമെടുത്തു. ബാക്കി ആര്‍ക്കും രണ്ടക്കം കാണാനായില്ല. നാലു പേര് റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്. ഇന്ത്യയ്ക്ക് വേണ്ടി ഇഷാന് സൂദും. അര്ജുന് രാജ്പുതും 3 വിക്കറ്റ് വീതമെടുത്തു.









