
വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിച്ച വിധിക്കെതിരെ പ്രതികാര നടപടിയുമായി കാലടി വി സി
മലപ്പുറം: കാലടി സംസ്കൃത സര്‍വകലാശാലയില്‍ വിസി സിസ തോമസിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടി. സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. ഹൈക്കോടതി വിധിക്കെതിരെ തിങ്കളാഴ്ച ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് വിസിയുടെ തീരുമാനം. ബുധനാഴ്ചയാണ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ തുടങ്ങുന്നത്. വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാതിരിക്കാന്‍ ചരിത്രത്തിലാദ്യമായാണ് സര്‍വകലാശാല കോടതി കയറുന്നത്. കോടതി ഉത്തരവുണ്ടായിട്ടും പരീക്ഷ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാത്ത സര്‍വകലാശാല നടപടിക്കെതിരെ വിദ്യാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
വിസിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിട്ട് 62 ദിവസം പിന്നിടുകയാണ്. കോടതി വിധിയെ മുഖവിലയ്ക്കെടുക്കാതെയാണ് സര്‍വകലാശാലയുടെ നടപടി. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനായി വെബ്സൈറ്റ് ഇന്നലെ തുറന്ന് കൊടുക്കണമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. എന്നാല്‍ സര്‍വകലാശാല അതിന് തയ്യാറായിരുന്നില്ല. രവിലെ 11: 30 ന് വെബ്സൈറ്റ് തുറന്ന് നല്‍കാമെന്ന് സര്‍വകലാശാല വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നു. എന്നാല്‍ വൈകുന്നേരം ആയിട്ടും അതിന് തയ്യാറായിരുന്നില്ല. ഇന്നലെയും ഇന്നും കോടതി ഉത്തരവിനെ മുഖവിലയ്ക്കെടുക്കാതെയുള്ള സര്‍വകലാശാല നടപടി വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിസി പ്രതികാരം തീര്‍ക്കാനാണ് ശമിക്കുന്നതെന്നാണ് എസ്എഫ്ഐ അടക്കം ഉയര്‍ത്തുന്ന വിമര്‍ശനം.
അതേസമയം സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ല എന്നാണ് ഡോ. ജിനിത കെ എസിന്റെ റിപ്പോര്‍ട്ട്. സമിതിക്ക് നല്കിയ സിസിടിവി ദൃശ്യങ്ങളില്‍ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല. സമിതിക്ക് മുന്നില്‍ ഹാജരായ പരാതിക്കാരി സിസ തോമസ് സംഭവത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്ന് പറഞ്ഞതായാാണ് റിപ്പോര്‍ട്ടിലുള്ളത്. സിന്‍ഡിക്കേറ്റ് യോഗത്തിനിടെ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ സിസ തോമസിനെ മര്‍ദ്ദിച്ചു എന്നായിരുന്നു വിസിയുടെ പരാതി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ അഞ്ചംഗ സമിതിയെയാണ് സര്‍വകലാശാല തന്നെ ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചു എന്നതിന് യാതൊരു തെളിവും ഇല്ലെന്നാണ് പ്രസ്തുത സമിതി തന്നെ കണ്ടെത്തിയിരിക്കുന്നത്. മുടിക്കുത്തില്‍ പിടിച്ചു, ദേഹോപദ്രവം ഏല്‍പ്പിച്ചു, പരിക്കേപ്പിച്ചു, കയ്യേറ്റം ചെയ്തു, എന്നീ ആരോപണങ്ങളാണ് സിസ തോമസ് ഉന്നയിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധവും നാടകവും മാത്രമാണ് നടന്നതെന്നാണ് അന്വേഷണ സമിതി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.









