Vazhchayugam

Live News

28.3°C
  • Kottayam
November 1, 2026
Follow Us:
VazhchayugamBlogKeralaആക്രമണം നടന്നിട്ടില്ല; മുൻ മന്ത്രി വീണാ ജോർജിനെതിരായ വധശ്രമക്കേസിൽ കെഎസ്‌യുവിന് ക്ലീൻ ചിറ്റ്

ആക്രമണം നടന്നിട്ടില്ല; മുൻ മന്ത്രി വീണാ ജോർജിനെതിരായ വധശ്രമക്കേസിൽ കെഎസ്‌യുവിന് ക്ലീൻ ചിറ്റ്

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയ്ൽവേ സ്റ്റേഷനിൽ വച്ച് വധിക്കാൻ ശ്രമം നടന്നെന്ന കേസിൽ കെഎസ്‌യുവിന് ക്ലീൻചിറ്റ് നൽകി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). വീണാ ജോർജിനെതിരേ ഒരു തരത്തിലുള്ള ആക്രമണവും നടന്നിട്ടില്ലെന്ന് വ്യക്തമാക്കി എസ്ഐടി സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖറിന് റിപ്പോർട്ട് സമർപ്പിച്ചു.

കേരള ആംഡ് പൊലീസ് ബറ്റാലിയൻ കമാൻഡന്‍റ് യു. പ്രേമന്‍റെ നേതൃത്വത്തിലുള്ള എസ്ഐടിയാണ് അന്വേഷണം നടത്തിയത്. വീണാ ജോർജ്, അവരുടെ സുരക്ഷാ ഉദ്യോഗസ്ഥർ, മുൻപ് കേസ് അന്വേഷിച്ച പൊലീസ് ഉദ്യോദസ്ഥർ എന്നിവരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നു. ഒരു തരത്തിലുമുള്ള ആയുധങ്ങളും ഉപയോഗിച്ച് വീണാ ജോർജിനെതിരേ ആക്രമണം നടന്നിട്ടില്ലെന്നും കെഎസ്‌യു പ്രവർത്തകർക്ക് വീണയുടെ അരികിലേക്ക് എത്താൻ സാധിച്ചില്ലെന്നും അതിന് മുൻപേ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞെന്നും എസ്ഐടി കണ്ടെത്തി.

വീണാ ജോർജിനെതിരേ ആക്രമണം നടന്നെന്ന് അവരുടെ ഗൺമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആക്രമണം നടന്നിട്ടില്ലെന്ന് എസ്ഐടി റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ ഗൺമാനെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ ഡിജിപി സ്വീകരിച്ചേക്കും. കൂടാതെ തുടക്കത്തിൽ കേസ് അന്വേഷിക്കുകയും കെഎസ്‌യു പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടായേക്കും.

2025 ഫെബ്രുവരിയിൽ കണ്ണൂർ റെയ്ൽവേ സ്റ്റേഷനിൽ വച്ച് വീണാ ജോർജിനെതിരേ കരിങ്കൊടി പ്രതിഷേധം നടന്നതിന് പിന്നാലെയാണ് കേസ് എടുത്തത്. ട്രെയ്ൻ കയറാൻ എത്തിയപ്പോൾ വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. കഴുത്തിന് വേദന ഉണ്ടായെന്ന് പരാതിപ്പെട്ട വീണ പിന്നീട് ആശുപത്രിയിൽ അഡ്മിറ്റാവുകയും ചെയ്തിരുന്നു. ഗൺമാന്‍റെ പരാതിയെ തുടർന്ന് പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും അഞ്ച് കെഎസ്‌യു പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് യുഡിഎഫ് അധികാരത്തിൽ വന്നതോടെ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് എസ്ഐടി രൂപീകരിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags