
തുടങ്ങി ‘സ്മൃതി യുഗം’! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ
റായ്പുര്: ഇന്ത്യന് ക്യാപ്റ്റനെന്ന നിലയിലുള്ള ആദ്യ പോരില് സ്മൃതി മന്ധാനയ്ക്ക് വിജയത്തുടക്കം. സിംബാബ്വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യില് ഇന്ത്യന് വനിതകള്ക്ക് 4 വിക്കറ്റ് വിജയം. തുടക്കത്തില് വിറച്ചാണ് ഇന്ത്യ ഒടുവില് വിജയം പിടിച്ചത്. ബോര്ഡില് 19 റണ്സ് എത്തുമ്പോള് ഇന്ത്യക്ക് 4 മുന്നിര താരങ്ങള് നഷ്ടപ്പെട്ടിരുന്നു. ഒടുവില് ഇന്ത്യ വിജയ ലക്ഷ്യമായ 115 റണ്സ് 15.4 ഓവറില് 6 വിക്കറ്റ് നഷ്ടത്തില് 116 റണ്സാക്കി മറികടന്നു. ടോസ് നേടി ഇന്ത്യ ബൗളിങ് എടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത ഓവറില് 5 വിക്കറ്റ് നഷ്ടത്തില് 114 റണ്സാണ് നേടിയത്.
ഔദ്യോഗിക ക്യാപ്റ്റന് സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പോരില് സ്മൃതി മന്ധാനയ്ക്ക് അരങ്ങേറ്റക്കാരി നികി പ്രസാദും പരിചയസമ്പന്നയായ ദീപ്തി ശര്മയും ചേര്ന്നു വിജയം സമ്മാനിക്കുകയായിരുന്നു. 19 റണ്സിനിടെ 4 വിക്കറ്റുകള് നഷ്ടമായി വിറച്ചു നിന്ന ഇന്ത്യയെ ഇരുവരും ചേര്ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് രക്ഷിച്ചെടുത്തത്. വിജയത്തിന്റെ വക്കില് നില്ക്കെ ദീപ്തിയെ ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ വന്ന റിച്ച ഘോഷിനേയും അതിനിടെ ഇന്ത്യക്ക് നഷ്ടപ്പെട്ടു.
അരുന്ധതി റെഡ്ഡിയെ സാക്ഷിയാക്കി നികി പ്രസാദ് പുറത്താകാതെ നിന്നാണ് ഇന്ത്യന് ജയം സാധ്യമാക്കിയത്. താരത്തിന്റെ സീനിയര് ടീമിനായുള്ള അരങ്ങേറ്റ മത്സരമായിരുന്നു ഇത്. അരങ്ങേറ്റം അവിസ്മരണീയമാക്കാന് നികിയ്ക്ക് സാധിച്ചു. ദീപ്തി 37 പന്തില് 8 ഫോറുകള് സഹിതം 49 റണ്സെടുത്തു പുറത്തായി. ഒറ്റ റണ്ണില് താരത്തിന് അര്ഹിച്ച അര്ധ സെഞ്ച്വറിയാണ് നഷ്ടപ്പെട്ടത്. നികി പ്രസാദ് 6 ഫോറുകള് സഹിതം പുറത്താകാതെ 35 പന്തില് 39 റണ്സെടുത്തു.
ക്യാപ്റ്റനായുള്ള വരവില് പക്ഷേ സ്മൃതിക്ക് ബാറ്റിങില് തിളങ്ങാനായില്ല. താരം 9 റണ്സില് മടങ്ങി. വൈസ് ക്യാപ്റ്റനായി അരങ്ങേറിയ സഹ ഓപ്പണര് ഷെഫാലി വര്മയും പരാജയപ്പെട്ടു. ഷെഫാലി 4 റണ്സുമായി പുറത്ത്. അനുഷ്ക ശര്മയും 4 റണ്സുമായി മടങ്ങി. ക്യാപ്റ്റന് സ്ഥാനത്തു നിന്നു പടിയിറങ്ങിയ ഹര്മന്പ്രീത് കൗറും നിരാശപ്പെടുത്തി. 1 റണ്ണാണ് സംഭാവന. റിച്ച ഘോഷ് 7 റണ്സില് പുറത്തായി.
നേരത്തെ ആദ്യം ബാറ്റിങിന് ഇറങ്ങിയ സിംബാബ്വെ വനിതകള് വലിയ റണ്സ് നേടിയില്ലെങ്കിലും വിക്കറ്റുകള് അധികം നഷ്ടമാകാതെയാണ് ബാറ്റ് വീശിയത്. അവസാന ഓവറിലാണ് അവര്ക്ക് രണ്ട് വിക്കറ്റുകള് നഷ്ടമായത്. ഇന്ത്യയുടെ നന്ദനി ശര്മ അവസാന ഓവറിലെ നാലാം പന്തിലും അഞ്ചാം പന്തിലും വിക്കറ്റുകള് വീഴ്ത്തി.
ഇന്ത്യന് നിരയില് തിളങ്ങിയതും നന്ദനിയാണ്. താരം 4 ഓവറില് 11 റണ്സ് മാത്രം വഴങ്ങി 2 വിക്കറ്റുകള് സ്വന്തമാക്കി. ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രീചരണി എന്നിവര് ഓരോ വിക്കറ്റെടുത്തു. ശ്രീചരണി 4 ഓവറില് 14 റണ്സ് മാത്രമാണ് വിട്ടുകൊടുത്തത്.
സിംബാബ്വെ നിരയില് ഷാര്നെ മേയേഴ്സ് 33 പന്തില് 2 സിക്സും 4 ഫോറും സഹിതം 43 റണ്സെടുത്ത് ടോപ് സ്കോററായി. 42 റണ്സെടുത്ത ഓപ്പണര് കെലിസ് എന്ധ്ലോവും തിളങ്ങി. 16 റണ്സെടുത്ത മൊഡെസ്റ്റര് മുപചിക്വാവയാണ് രണ്ടക്കം കടന്ന മറ്റൊരു താരം.








