Vazhchayugam

Live News

28.3°C
  • Kottayam
October 16, 2026
Follow Us:
VazhchayugamBlogNationalഡൽഹിയിൽ പുലർച്ചെയും പൊലീസ് വേട്ട; ആതിര ഉൾപ്പെടെയുള്ള എൻഎസ്‌യുഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

ഡൽഹിയിൽ പുലർച്ചെയും പൊലീസ് വേട്ട; ആതിര ഉൾപ്പെടെയുള്ള എൻഎസ്‌യുഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

ന്യൂഡൽഹി: ഡൽഹിയിൽ പൊലീസ് അതിക്രമത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ സമരം ചെയ്ത എൻഎസ്‌യുഐ പ്രവർത്തകരെ പുലർച്ചെ അറസ്റ്റ് ചെയ്ത് നീക്കി. പരിക്കേറ്റ മലയാളി വിദ്യാർഥി ആതിര ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് സിജെപി ഇന്ന് വൈകിട്ട് പ്രഖ്യാപിച്ച തിരംഗ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിക്ക് ആരംഭിച്ച എൻഎസ്‌യുഐ പ്രതിഷേധമാണ് ഇന്ന് പുലർച്ചെ നാലരയോടെ പൊലീസ് അവസാനിപ്പിച്ചത്. ഡൽഹി കൊണാട്ട് പ്ലേസിൽ നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തപ്പോൾ പൊലീസ് മർദിച്ചു എന്ന പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. പത്ത് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് നടപടിയുണ്ടായത്. അവശയായ മലയാളി വിദ്യാർഥി ആതിര, രാജസ്ഥാൻ സ്വദേശി ഋതു ബരാല എന്നിവരെ പൊലീസ് വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയത്. രാത്രി വൈകിയും വനിതകളെ കസ്റ്റഡിയിലെടുക്കുന്നതിലെ നിയമതടസ്സങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് വഴങ്ങിയില്ല.

സമരക്കാർക്ക് ഐക്യദാർഢ്യവുമായി ജെബി മേത്തർ എംപി, സിപിഐ നേതാവ് ആനി രാജ, യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് എന്നിവർ രാത്രിയോടെ തന്നെ പൊലീസ് സ്റ്റേഷന് മുന്നിൽ എത്തിയിരുന്നു. പൊലീസിൻ്റെ ഭാഗത്തുനിന്നും കടുത്ത ക്രൂരതയാണ് വിദ്യാർഥികൾക്ക് നേരെ ഉണ്ടായതെന്ന് ജെബി മേത്തർ എംപി ആരോപിച്ചു. അവശയായ ആതിരയ്ക്ക് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. എന്നിട്ടും പൊലീസ് യാതൊരു മനുഷ്യത്വവും കാണിച്ചില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

രാജ്യതലസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി (കോക്രോച്ച് ജനതാ പാർട്ടി) ഇന്ന് തിരംഗ മാർച്ച് സംഘടിപ്പിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ദേശീയ പതാകയുമായി എത്തിച്ചേരാനാണ് ആഹ്വാനം. എന്നാൽ മാർച്ചിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. മുൻകൂട്ടി പേരുകൾ നൽകിയാൽ 11 പേർക്ക് മാത്രം പ്രത്യേക സ്ഥലത്ത് പതാകയുമായി കുറച്ചുനേരം പ്രതിഷേധിക്കാൻ അനുവാദം നൽകാമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

പൊലീസിൻ്റെ നടപടിക്കെതിരെ സിജെപി നേതാക്കളായ അഭിജിത് ദീപ്‌കെ, രത്ന സിങ് എന്നിവർ രാത്രി പതിനൊന്നരയോടെ വാർത്താസമ്മേളനം നടത്തി. ഏത് വിധേനയും പ്രതിഷേധം നടത്തുമെന്നാണ് ഇവരുടെ നിലപാട്. ഇൻ്റലിജൻസ് ബ്യൂറോയും പൊലീസും തങ്ങളെ നിരന്തരം പിന്തുടരുകയാണെന്നും ഇവർ ആരോപിച്ചു. നരേന്ദ്ര മോദിയുടെ റാലിക്ക് പതാക കൊണ്ടുപോകാമെങ്കിൽ തങ്ങൾക്ക് എന്തുകൊണ്ട് വിലക്കേർപ്പെടുത്തുന്നു എന്ന് നേതാക്കൾ ചോദിച്ചു.

പ്രതിഷേധം കണക്കിലെടുത്ത് സെൻട്രൽ പാർക്ക് രണ്ട് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര സേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യവും ഇടതുപക്ഷ യുവജന സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ പത്താം തീയതി സിജെപി നടത്തിയ രണ്ടാം ജന്തർമന്തർ സമരത്തിലും സമാനമായ രീതിയിൽ പൊലീസ് ഇടപെടൽ ഉണ്ടായിരുന്നു. അന്ന് മുംബൈയിൽ നിന്നും എത്തിയ നേതാക്കളെ വിമാനത്താവളത്തിൽ വച്ച് തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ സാഹചര്യത്തിൽ ഇന്നത്തെ മാർച്ചിനെ പൊലീസ് എങ്ങനെ നേരിടും എന്നത് നിർണായകമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags