
യാത്രക്കാർക്ക് ആഡംബര സൗകര്യങ്ങൾ; പുതിയ വന്ദേ ഭാരത് സ്ലീപ്പറിൽ പ്രത്യേക പാൻട്രി കാറും ഷവർ സൗകര്യവും, ഡിസൈൻ നവംബറോടെ
ന്യൂഡൽഹി: ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ 24 കോച്ചുകളുള്ള പുതിയ പതിപ്പ് പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. പുതിയ ട്രെയിനിന്റെ രൂപകൽപ്പന ഈ വർഷം നവംബർ 10നകം പൂർത്തിയാകുമെന്ന ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ (ഐസിഎഫ്) തീരുമാനത്തെ വന്ദേ ഭാരതിന്റെ ശിൽപിയായ സുധാൻഷു മണി സ്വാഗതം ചെയ്തു.ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഇത്തരം 50 ട്രെയിനുകൾ നിർമ്മിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്. 2027 ജൂൺ മാസത്തോടെ ആദ്യ പദ്ധതികൾ ആരംഭിക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഈ മാസത്തോടെ ഇതിന്റെ ആദ്യ മാതൃക തയ്യാറാകുമെന്നും ഐസിഎഫ് അടുത്തിടെ അറിയിച്ചിരുന്നു.
നിലവിൽ അസമിലെ കാമാഖ്യയ്ക്കും പശ്ചിമ ബംഗാളിലെ ഹൗറയ്ക്കുമിടയിൽ 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ഇവയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. യാത്രക്കാർക്ക് പരമാവധി സൗകര്യങ്ങൾ നൽകുന്ന രീതിയിലാണ് ഈ ആധുനിക ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സെമി-ഹൈ സ്പീഡ് വേഗത, കുഷ്യനുള്ളതും സുഖപ്രദവുമായ ബർത്തുകൾ, ഓട്ടോമാറ്റിക് വാതിലുകൾ, ശബ്ദ നിയന്ത്രണ സംവിധാനം, ഉയർന്ന ശുചിത്വം ഉറപ്പാക്കുന്നതിനായുള്ള അണുനശീകരണ സാങ്കേതികവിദ്യ എന്നിവ ഇതിലുണ്ട്. 24 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ രൂപകൽപ്പന 2026 നവംബറിനുള്ളിൽ പൂർത്തിയാക്കും. 2027 പകുതിയോടെ ഒരു മാതൃക നിർമ്മിക്കാനുമുള്ള ഐസിഎഫിന്റെ പദ്ധതി സ്വാഗതാർഹവും നിർണായകവുമായ ഒരു ചുവടുവെപ്പാണെന്ന് സുധാൻഷു മണി പറഞ്ഞു.
നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പ്രവർത്തിക്കുന്നത്, ഐസിഎഫിന് അവരുടെ രൂപകൽപ്പന, നിർമ്മാണ ശേഷികൾ എന്നിവ പൂർണമായി പ്രയോജനപ്പെടുത്താൻ സഹായിക്കും. കൂടാതെ ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള മികച്ച രാത്രികാല യാത്രാനുഭവം നൽകാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.2018-ൽ വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിച്ചപ്പോൾ തന്നെ, ഭാവിയിൽ ഇതിനൊരു സ്ലീപ്പർ പതിപ്പ് കൂടി ആവശ്യമായി വരുമെന്ന് വ്യക്തമായിരുന്നുവെന്ന് സുധാൻഷു മണി പറഞ്ഞു. പകൽ സമയങ്ങളിൽ ഓടുന്ന ചെയർ-കാർ ട്രെയിനുകൾക്കുള്ള വിപണി ഒരു ഘട്ടത്തിൽ ആളുകൾക്ക് മടുക്കുന്ന ഘട്ടത്തിലേക്ക് വരുമെന്ന് ഉറപ്പായിരുന്നു എന്ന് സുധാൻഷു വ്യക്തമാക്കി.
2019ന്റെ അവസാനത്തോടെ ഒരു സ്ലീപ്പർ മാതൃക പുറത്തിറക്കാനാണ് ഐസിഎഫ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ വന്ദേ ഭാരത് പദ്ധതിയിലുണ്ടായ ഏകദേശം നാല് വർഷത്തെ ഇടവേള ഈ സമയക്രമത്തെ തകിടം മറിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇന്ത്യൻ റെയിൽവേ സ്വകാര്യ മേഖലയെ സമീപിച്ച കാര്യവും അദ്ദേഹം വ്യക്തമാക്കി.യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണം ട്രെയിനിൽ തന്നെ ചൂടാക്കി നൽകുന്നതിനായി ഒരു പ്രത്യേക പാൻട്രി കാർ ഈ പുതിയ ട്രെയിനിൽ ഉണ്ടാകും. ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക ശുചിമുറി, കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനുള്ള ബേബി-കെയർ സ്റ്റേഷൻ, ഫസ്റ്റ് ക്ലാസ് എസി കോച്ചുകളിൽ ചൂടുവെള്ളം ലഭ്യമാകുന്ന ഷവർ സൗകര്യം എന്നിവയും ഈ ട്രെയിനിന്റെ സവിശേഷതകളാണ്.








