Vazhchayugam

Live News

28.3°C
  • Kottayam
October 15, 2026
Follow Us:
VazhchayugamBlogBusinessകരുതിയിരിക്കുക, വിലക്കയറ്റം അതിരൂക്ഷമാകുന്നു

കരുതിയിരിക്കുക, വിലക്കയറ്റം അതിരൂക്ഷമാകുന്നു

കൊച്ചി: ഇന്ത്യന്‍ സാമ്പത്തിക മേഖലയെ അതിസമ്മര്‍ദത്തിലാക്കി വിലക്കയറ്റം അതിരൂക്ഷമാകുന്നു. സെപ്റ്റംബറില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 5.54 ശതമാനമായി കുതിച്ചുയര്‍ന്നതിനൊപ്പം മൊത്തവില സൂചികയും പുതിയ ഉയരങ്ങളിലെത്തി. സെപ്റ്റംബറില്‍ മൊത്ത വില സൂചിക 11.39 ശതമാനമായാണ് ഉയര്‍ന്നത്. ഓഗസ്റ്റിലിത് 9.92 ശതമാനമായിരുന്നു. 2022-23 അടിസ്ഥാന വര്‍ഷമായി പുതിയ സീരിസില്‍ മൊത്ത വില സൂചിക കണക്കാക്കാന്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഭക്ഷ്യ, ഇന്ധന, വ്യാവസായിക ഉത്പന്നങ്ങളുടെ വിലയിലുണ്ടായ കുതിപ്പാണ് മൊത്തവില സൂചികയ്ക്ക് സമ്മർദം സൃഷ്ടിച്ചത്. ഇന്ധന, ഊര്‍ജ മേഖലയിലെ വിലക്കയറ്റം 25.85 ശതമാനമായി ഉയര്‍ന്നു. ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം എന്നിവയുടെ വിലയില്‍ 57.32% വർധനയുണ്ട്. കല്‍ക്കരി, ലിഗ്നൈറ്റ് എന്നിവയിലെ വില സൂചിക ഓഗസ്റ്റിലെ 1.57 ശതമാനത്തില്‍ നിന്ന് 9.31 ശതമാനമായി ഉയര്‍ന്നു. പ്രാഥമിക ഉത്പന്നങ്ങളുടെ വില സൂചിക 8.67 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ മൊത്ത വില സൂചിക 21 മാസത്തെ ഉയര്‍ന്ന തലമായ 8.14 ശതമാനത്തിലെത്തി.

വിലക്കയറ്റം രൂക്ഷമായാല്‍ കുടുംബങ്ങളുടെ വാങ്ങല്‍ശേഷി കുറയാനും കമ്പനികളുടെ ഉത്പാദനച്ചെലവ് കൂടാനും സാധ്യതയുണ്ട്. അസംസ്കൃത വസ്തുക്കളുടെയും ഗതാഗതത്തിന്‍റെയും ചെലവ് കൂടുന്നത് കമ്പനികളുടെ ലാഭമാര്‍ജിനെ ബാധിച്ചേക്കും. വിലക്കയറ്റം രാജ്യത്തെ മൂലധന നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ ഏഴ് ശതമാനത്തിലധികം വളര്‍ച്ച നേടുമെന്നാണ് റിസര്‍വ് ബാങ്കും ഐഎംഎഫും അടക്കമുള്ള വിവിധ ഏജന്‍സികള്‍ പ്രവചിക്കുന്നത്.

എന്നാല്‍ ആഗോള അനിശ്ചിതത്വം ഒഴിയാത്തതിനാല്‍ ഇന്ധന വില ഉയര്‍ന്ന തലത്തില്‍ തുടരുമെന്നാണ് വിലയിരുത്തുന്നത്. ആഭ്യന്തര ഉപയോഗം കുറയാനും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകാനും ഭക്ഷ്യ, ഇന്ധന വിലക്കയറ്റം കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഡോളറിനെതിരേ രൂപ ദുര്‍ബലമാകാനും വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമാകുന്നതിനും നാണയപ്പെരുപ്പത്തിലെ വർധന ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. മൊത്ത വില സൂചിക കുത്തനെ കൂടിയതിനാല്‍ ഡിസംബറില്‍ നടക്കുന്ന ധന നയ രൂപീകരണ യോഗത്തില്‍ മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കൂടി വർധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായേക്കും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags