
രമ്യ ഹരിദാസ് എത്തിയില്ല, ബിന്ദുകൃഷ്ണയുടെ ഭർത്താവ് കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തു; വിവാദം
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. എസ് കൃഷ്ണകുമാർ നിർവഹിച്ചതിനെച്ചൊല്ലി വിവാദം. ചിറയിൻകീഴിൽ നിന്ന് കൊല്ലത്തേക്കുള്ള സർവീസാണ് കൃഷ്ണകുമാർ ഫ്ലാഗ് ഓഫ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് എംഎൽഎ രമ്യ ഹരിദാസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്.
എന്നാൽ എംഎൽഎക്ക് പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചില്ല. തുടർന്നാണ് കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചത്. ഫ്ലാഗ് ഓഫ് ചെയ്യുന്നതിന്റെ ഫോട്ടോകൾ കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചതിനു പിന്നാലെയാണ് വിവാദം കൊഴുത്തത്.
സർക്കാർ സർവീസിന്റെ ഉദ്ഘാടനം നിർവഹിക്കാൻ ഡിസിസി ജനറൽ സെക്രട്ടറി അല്ലെങ്കിൽ മന്ത്രിയുടെ ഭർത്താവിന് എന്താണ് യോഗ്യതയെന്നാണ് വിമർശകർ ചോദിക്കുന്നത്. അതേ സമയം എംഎൽഎയുടെ നിർദേശ പ്രകാരമാണ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തതെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു.








