Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaസ്വകാര്യ സര്‍വ്വകലാശാലകള്‍ക്കുള്ള പുതിയ ബില്ലിന്റെ കരട് തയ്യാറായി; നിയന്ത്രണങ്ങളില്‍ ഇളവ്

സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കുള്ള പുതിയ ബില്ലിന്റെ കരട് തയ്യാറായി; നിയന്ത്രണങ്ങളില്‍ ഇളവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കുന്നതിനുള്ള പുതിയ ബില്ലിന്റെ കരട് ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. മുന്‍പ് നിയമസഭ പാസാക്കിയ ബില്ലിലെ കര്‍ശന വ്യവസ്ഥകളില്‍ വലിയ ഇളവുകള്‍ നല്‍കികൊണ്ടാണ് പുതിയ ബില്ലിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. മുന്‍പ് ഉണ്ടായിരുന്ന 10 ഏക്കര്‍ ഭൂമി വേണമെന്ന വ്യവസ്ഥ 5 ഏക്കര്‍ ആയും 25 കോടി രൂപയുടെ സ്ഥിരനിക്ഷേപം വേണമെന്നത് 10 കോടി രൂപയായും കുറയ്ക്കാന്‍ പുതിയ കരടില്‍ നിര്‍ദേശങ്ങളുണ്ട്. നഗരങ്ങളില്‍ ഇത്രയധികം ഭൂമി ഒരുമിച്ച് കണ്ടെത്താനുള്ള ബുദ്ധിമുട്ടും ഭീമമായ നിക്ഷേപം വിദ്യാര്‍ഥികളുടെ ഫീസിനെ ബാധിക്കുമെന്ന വിലയിരുത്തലുമാണ് വ്യവസ്ഥകളില്‍ ഇളവ് നല്‍കാന്‍ കാരണം. ആദ്യത്തെ 10 വര്‍ഷത്തേക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കാനും ബില്ലില്‍ നിര്‍ദേശം ഉണ്ട്.

മാറ്റങ്ങള്‍ ഒന്നും വരുത്തേണ്ടതില്ലെങ്കില്‍, അടുത്ത മന്ത്രിസഭാ യോഗത്തിന് മുന്നില്‍ പുതിയ ബില്‍ സമര്‍പ്പിക്കുമെന്ന് വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ ഈ മാസം ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ 2025 മാര്‍ച്ചില്‍ പാസാക്കുകയും രാഷ്ട്രപതിയുടെ അനുമതിക്കായി കാത്തിരിക്കേ കഴിഞ്ഞ മാസം യുഡിഎഫ് സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്ത ബില്ലിന് പകരമായിരിക്കും ഇത്.

സര്‍വ്വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സാങ്കേതിക കമ്പനികള്‍ മറ്റ് വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയ്ക്കായുള്ള ഒരു ഇക്കോസിസ്റ്റം ആയ നിര്‍ദ്ദിഷ്ട ‘കേരള നോളജ് വാലിയെ’ കുറിച്ചും ഈ കരടില്‍ പ്രതിപാദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി തലവനായുള്ള കേരള നോളജ് വാലി ഡെവലപ്‌മെന്റ് അതോറിറ്റി വിവിധ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കും. ഡീപ് ടെക്‌നോളജി, ലൈഫ് സയന്‍സ്, എയ്‌റോസ്‌പേസ്, പുനരുപയോഗ ഊര്‍ജ്ജം എന്നിവയില്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കും.

തദ്ദേശസ്ഥാപനങ്ങള്‍, മലിനീകരണ നിയന്ത്രണം, വൈദ്യുതി, അഗ്നിശമന സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദ്ദിഷ്ട അനുമതികള്‍ക്ക് 60 ദിവസത്തിനകം അനുമതി നല്‍കുന്ന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡും ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി തരംമാറ്റലിനായി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി എന്ന വ്യവസ്ഥയും ബില്ലില്‍ ഉണ്ട്.

വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഗോള ഇന്നൊവേഷന്‍ പങ്കാളികള്‍ക്കും അക്കാദമിക പ്രോഗ്രാമുകള്‍, കരിക്കുലം വികസനം, ഗവേഷണം എന്നിവയില്‍ സഹകരിക്കാനും ബില്‍ അനുമതി നല്‍കുന്നു. സ്വകാര്യ സര്‍വ്വകലാശാലകള്‍ സ്വയംഭരണാധികാരമുള്ളവയായി തുടരും. കൂടാതെ, സര്‍ക്കാരില്‍ നിന്നുള്ള മെയിന്റനന്‍സ് ഗ്രാന്റുകള്‍ക്കോ, ധന സഹായങ്ങള്‍ക്കോ അര്‍ഹത ഉണ്ടായിരിക്കില്ല.

വിദ്യാര്‍ഥികളുടെ പരാതി പരിഹാര സംവിധാനങ്ങള്‍, ഫീസ് സുരക്ഷാ മാനദണ്ഡങ്ങള്‍, സ്ഥിര നിക്ഷേപ ഫണ്ടുകള്‍ എന്നിവയും കരട് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഉപരിപഠനത്തിനായി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും വന്‍ തോതില്‍ വിദ്യാര്‍ഥികള്‍ വിട്ടുപോകുന്നത് തടയുന്നതിനുള്ള വിദ്യാഭ്യാസ പരിഷ്‌ക്കാരത്തെക്കുറിച്ചും ബില്ലില്‍ പരാമര്‍ശങ്ങളുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags