
‘മാലിന്യം വൈദ്യുതിയാകും’; 2031ഓടെ കേരളത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കും
തിരുവനന്തപുരം: മാലിന്യ സംസ്കരണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും സംസ്കരണത്തിനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുന്നതിനുമായി സംസ്ഥാനത്ത് വന്‍കിട പദ്ധതിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. നവീകരിച്ച അഞ്ചുവര്‍ഷത്തെ മാലിന്യമുക്ത പ്രചാരണത്തിന്റെ ഭാഗമായി പ്രതിദിനം 500 ടണ്‍ ശേഷിയുള്ള കേന്ദ്രീകൃത ‘വേസ്റ്റ് ടു എനര്‍ജി’ (മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം) പ്ലാന്റും, റിഫ്യൂസ് ഡിറൈവ്ഡ് ഫ്യുവല്‍ (ആര്‍ഡിഎഫ്) പ്ലാന്റുകളുടെ ശൃംഖലയും സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് കേരളം.
പുനരുപയോഗിക്കാന്‍ കഴിയാത്ത മാലിന്യങ്ങള്‍ പ്രാദേശിക കേന്ദ്രങ്ങളില്‍ വെച്ച് ആര്‍ഡിഎഫ് ആക്കി മാറ്റുകയും, തുടര്‍ന്ന് ഇവ വേസ്റ്റ് ടു എനര്‍ജി പ്ലാന്റില്‍ ഇന്ധനമായി ഉപയോഗിച്ച് വൈദ്യുതോത്പാദനം നടത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ ക്ലീന്‍ കേരള കമ്പനി മുഖേന പ്രതിവര്‍ഷം അയ്യായിരം ടണ്ണോളം അഴുകാത്ത മാലിന്യങ്ങളാണ് അയല്‍ സംസ്ഥാനങ്ങളിലെ സിമന്റ് ഫാക്ടറികളിലേക്ക് സംസ്കരണത്തിനായി കൊണ്ടുപോകുന്നത്. ഈ ചെലവു നിയന്തിക്കാനും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കാനുമാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിക്കായി കൊച്ചിയില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സാങ്കേതിക-സാമ്പത്തിക വശങ്ങള് പഠിച്ച് ടെന്‍ഡര്‍ രേഖകള്‍ തയ്യാറാക്കാന്‍ ശുചിത്വ മിഷന് കണ്‍സള്‍ട്ടന്റിനെ ചുമതലപ്പെടുത്തി. പദ്ധതി വലിയ സാങ്കേതികവിദ്യ ആവശ്യപ്പെടുന്ന ഒന്നായതിനാല്‍ പൊതു-സ്വകാര്യ പങ്കാളിത്തം വഴി നടപ്പാക്കാനാണ് സാധ്യത. ഊര്‍ജ്ജ പ്ലാന്റിന് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 പ്രാദേശിക ആര്‍ഡിഎഫ് പ്ലാന്റുകള്‍ കൂടി സ്ഥാപിക്കും. നിലവില്‍ അഞ്ച് പ്ലാന്റുകള്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഒക്ടോബര്‍ ആദ്യവാരം ആരംഭിക്കുന്ന അഞ്ചുവര്‍ഷത്തെ ശുചിത്വ കാംപയിനിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ പദ്ധതിയുടെ നിര്‍മാണ നടപടികള്‍ ആരംഭിക്കും. 2031ഓടെ കേരളത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മാലിന്യ സംസ്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ക്ലീന്‍ കേരള കമ്പനി, ശുചിത്വ മിഷന്, ഹരിതകേരളം മിഷന്, ഇംപാക്ട് കേരള എന്നീ ഏജന്‍സികളെ ഏകോപിപ്പിച്ച് പുതിയ മാലിന്യ സംസ്കരണ അതോറിറ്റി രൂപീകരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.








