Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaകോൺഗ്രസ് ദേശീയ നേതൃത്വം എതിർത്ത ലേബർ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; എൻഡിഎ നയങ്ങളെ മുഖ്യമന്ത്രി അതേപടി പിന്‍പറ്റുന്നുവെന്ന് പ്രതിപക്ഷനേതാവ്

കോൺഗ്രസ് ദേശീയ നേതൃത്വം എതിർത്ത ലേബർ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; എൻഡിഎ നയങ്ങളെ മുഖ്യമന്ത്രി അതേപടി പിന്‍പറ്റുന്നുവെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: കോൺഗ്രസ് ദേശീയ നേതൃത്വം ശക്തമായി എതിർത്ത കേന്ദ്രസർക്കാരിൻ്റെ പുതിയ തൊഴിൽ നിയമങ്ങൾ കേരളത്തിൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്തി വി ഡി സതീശൻ. ലേബർ കോഡ് നടപ്പിലാക്കിയില്ലെങ്കിൽ തൃശങ്കു സ്വർഗത്തിലാകുമെന്ന് ന്യായീകരിച്ചാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ലേബർ കോഡ് നടപ്പിലാക്കിയില്ലെങ്കിൽ തൊഴിലാളികൾക്ക് സംരക്ഷണം ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. യോഗത്തിൽ മുഖ്യമന്ത്രിയെ പ്രശംസിച്ച് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരനും രംഗത്തെത്തി.

ലേബർ കോഡ് നടപ്പിലാക്കുന്നതിന് ഐഎൻടിസിയുടെ നിർദേശങ്ങൾ കൂടി പരിഗണിക്കുമെന്നും യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റ് തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തും. എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചാകും മുന്നോട്ടു പോകുക. ലേബർ കോഡ് നടപ്പാക്കിയില്ലെങ്കിൽ, നിലവിലുള്ള തൊഴിൽ നിയമങ്ങളോ പുതിയ ലേബർ കോഡോ ഇല്ലാത്ത ഒരു സാഹചര്യം ഉണ്ടാകും. അതിനാൽ, കേരളത്തിലെ തൊഴിൽ മേഖലയെയോ തൊഴിലാളികളുടെ അവകാശങ്ങളെയോ പ്രതികൂലമായി ബാധിക്കാത്ത രീതിയിൽ അത് നടപ്പാക്കണം. ഇത് പാർലമെൻ്റ് പാസാക്കിയ നിയമമാണ്. അല്ലാത്തപക്ഷം, ഇപ്പോൾ തൊഴിൽ നിയമങ്ങളൊന്നും ഉണ്ടാകില്ല. കാരണം മുൻ തൊഴിൽ നിയമങ്ങൾക്ക് പകരമായാണ് ഈ ലേബർ കോഡ് കൊണ്ടുവന്നത്. തൊഴിലാളി വിരുദ്ധ നിലപാട് സർക്കാർ ഒരു സ്ഥലത്തും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സ്റ്റേറ്റ് കശുവണ്ടി വികസന കോർപ്പറേഷൻ (കെഎസ്സിഡിസി) ചെയർമാനായിരുന്ന കാലത്തും അതിനു മുൻപും അസംസ്‌കൃത കശുവണ്ടി ഇറക്കുമതിയിൽ ക്രമക്കേട് ആരോപിച്ച് സിബിഐ കേസിൽ യുഡിഎഫ് സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയ ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ ചടങ്ങിൽ സന്നിഹിതനായിരുന്നു. ചടങ്ങിൽ ചന്ദ്രശേഖരൻ സതീശനെ പ്രശംസിച്ചു. മുഖ്യമന്ത്രിയോട് ട്രേഡ് യൂണിയനുകളെക്കുറിച്ച് എന്തെങ്കിലും വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹംതന്നെ ട്രേഡ് യൂണിയൻ സംഘടനകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. മാത്രമല്ല, കേരള മുഖ്യമന്ത്രി വി ഡി സതീശൻ ഊർജസ്വലനായ നേതാവാണെന്ന് നമുക്കെല്ലാവർക്കും ഉറപ്പുണ്ടെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

അതേസമയം കേരളത്തിൽ ലേബർ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പെട്ടെന്നുള്ള പ്രഖ്യാപനം ആരെ തൃപ്തിപ്പെടുത്താനാണെന്ന് പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. ലേബർ കോഡ് വിഷയത്തിലെ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിൻ്റെ നിലപാടിനെപ്പോലും തൃണവൽഗണിച്ചുകൊണ്ടാണ് മുഖ്യമന്ത്രി എൻഡിഎ സർക്കാർ നയങ്ങളെ അതേപടി പിൻപറ്റുന്നതെന്ന് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പിണറായി കുറ്റപ്പെടുത്തി.

അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ ലേബർ കോഡിൻ്റെ വിജ്ഞാപനം 2025 നവംബറിലാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. പാർലമെൻ്റിൽ ലേബർ സ്‌റ്റാൻഡിങ്‌ കമ്മിറ്റി നിർദേശിച്ച ഒരു മാറ്റം പോലും അംഗീകരിക്കാതെ പൂർണമായും കോർപറേറ്റ്‌ താൽപ്പര്യങ്ങൾ നടപ്പാക്കാനായാണ് ലേബർ കോഡുകൾ കൊണ്ടുവന്നത്. ലേബർ കോഡ് കേരളത്തിൽ നടപ്പിലാക്കില്ലെന്നാണ് അന്ന് അർഥശങ്കക്കിടയില്ലാത്ത വിധം എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചത്.

ലേബർ കോഡിനെ പറ്റി വിശദമായി പഠിക്കുന്നതിന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് വി ഗോപാൽ ഗൗഡ അധ്യക്ഷനായ ഒരു കമ്മീഷനെ എൽഡിഎഫ് സർക്കാർ 2026 ജനുവരി 22 ന് നിയമിക്കുകയുണ്ടായി. കമ്മീഷൻ 2026 മാർച്ച് 5 ന് ഫെബ്രുവരിയിൽ റിപ്പോർട്ട് കൈമാറുകയും ചെയ്തു. തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് ഭരണഘടനാപരമായ അധികാരമുണ്ടെന്നും അതിനായി നിയമനിർമാണം നടത്താമെന്നും റിപ്പോർട്ട് വ്യക്തമാക്കി.

കമ്മീഷൻ റിപ്പോർട്ട് കിട്ടിയ ഉടൻ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാൽ നിർദേശങ്ങൾ നടപ്പിലാക്കാൻ എൽഡിഎഫ് സർക്കാരിന് കഴിയാതെ പോയി.

ഗോപാൽ ഗൗഡ കമ്മീഷൻ്റെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മേശപ്പുറത്തുണ്ട്. എന്നാൽ കമ്മീഷൻ റിപ്പോർട്ടിനെ അവഗണിച്ചുകൊണ്ട് കേരളത്തിൽ ലേബർ കോഡ് നടപ്പിലാക്കാൻ നടപ്പിലാക്കാൻ മുഖ്യമന്ത്രി വ്യഗ്രത കൂട്ടുകയാണ്. ലേബർ കോഡിലെ ഒന്നോ രണ്ടോ നിർദേശങ്ങളിൽ മാത്രമാണ് പ്രശ്നമെന്നു പറഞ്ഞുകൊണ്ട് കാര്യങ്ങളെ നിസ്സാരവൽക്കരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സംഘപരിവാർ അജണ്ട നടപ്പാക്കാൻ പിഎം ശ്രീയിലും വഖഫ് ഭേദഗതി നിയമത്തിലും ഉൾപ്പെടെ കണ്ട അതേ വ്യഗ്രതയാണ് ലേബർ കോഡ് വിഷയത്തിലും മുഖ്യമന്ത്രിയിൽ കാണാൻ കഴിയുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags