
ലോക ബാഡ്‌മിൻ്റണ്‍ ചാമ്പ്യൻഷിപ്പില്‍ ചൈനീസ് സഖ്യത്തോട് പൊരുതി തോറ്റ് ഇന്ത്യ, ചരിത്ര വെങ്കലം നേടി! റെക്കോഡ് നേട്ടവുമായി മലയാളി ട്രീസ
ന്യൂഡൽഹി: ബി.ഡബ്ല്യു.എഫ് ലോക ബാഡ്‌മിൻ്റൺ ചാമ്പ്യൻഷിപ്പ് വനിതാ ഡബിൾസ് സെമിഫൈനലിൽ ചൈനയുടെ ലോക ഒന്നാം നമ്പർ സഖ്യത്തോട് മൂന്ന് സെറ്റ് നീണ്ട ത്രില്ലര്‍ പോരാട്ടത്തിനൊടുവിൽ പൊരുതി തോറ്റ് ഇന്ത്യയുടെ ട്രീസ ജോളി – ഗായത്രി ഗോപിചന്ദ് സഖ്യം. ആദ്യ സെറ്റ് നേടി ചൈനയെ ഞെട്ടിച്ചെങ്കിലും, തുടർന്നുള്ള സെറ്റുകളിൽ ചൈനീസ് കരുത്തരായ താൻ നിംഗ് – ലിയു ഷെങ് ഷു സഖ്യം കളി തിരിച്ചുപിടിക്കുകയായിരുന്നു. ഫൈനൽ ടിക്കറ്റ് നഷ്ടമായെങ്കിലും ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ സ്വന്തമാക്കി ചരിത്രനേട്ടത്തോടെയാണ് ഈ ഇന്ത്യൻ സഖ്യം മടങ്ങുന്നത്.

ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ ആരാധകരെ സാക്ഷിയാക്കി വിസ്മയകരമായ തുടക്കമാണ് ട്രീസയും ഗായത്രിയും പുറത്തെടുത്തത്. ആദ്യ സെറ്റ് 21-18 ന് ഇന്ത്യ സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചടിച്ച ചൈനീസ് സഖ്യം 21-13 ന് കളി ഒപ്പത്തിനൊപ്പം എത്തിച്ചു.

തീപാറിയ നിർണായകമായ മൂന്നാം സെറ്റിൽ ഇരു ടീമുകളും ഓരോ പോയിൻ്റിനായും അതിശക്തമായി പോരാടി. എന്നാൽ അവസാന ഘട്ടത്തിൽ പരിചയസമ്പത്തും കൃത്യതയും തുണച്ച ചൈനീസ് സഖ്യം കളി പിടിച്ചെടുക്കുകയായിരുന്നു.









