
യാചകരെ കാണുമ്പോള്‍ പണം നല്‍കേണ്ട, പകരം… മലപ്പുത്ത് സ്മൈല്‍!
മലപ്പുറം: തെരുവില്‍ യാചിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് സുരക്ഷിതമായ താമസവും പരിചരണവും ഉറപ്പാക്കുന്ന സ്‌മൈല്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ‘യാചനയില്ലാത്ത മലപ്പുറം’ എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി. പാണ്ടിക്കാട് ആസ്ഥാനമായ സല്‍വാ കെയര്‍ എന്ന സന്നദ്ധ സംഘടനയ്ക്കാണ് മലപ്പുറം ജില്ലയില്‍ പദ്ധതിയുടെ നിര്‍വഹണ ചുമതലയുള്ളത്. ജില്ലാ സാമൂഹ്യനീതി ഓഫീസറാണ് നോഡല്‍ ഓഫീസര്‍.
പൊതുജനങ്ങളില്‍ നിന്നും മറ്റും ലഭിക്കുന്ന യാചകരുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇവരെ ഏറ്റെടുക്കും. തുടര്‍ന്ന് ആവശ്യമായ പരിചരണം, പുനരധിവാസം, തൊഴില്‍ പരിശീലനം എന്നിവ നല്‍കി സ്വയം വരുമാനം കണ്ടെത്താന്‍ ഇവരെ പ്രാപ്തരാക്കും. യാചകരെ കാണുമ്പോള്‍ പണം നല്‍കുന്നതിനു പകരം അവരുടെ വിവരങ്ങള്‍ അധികൃതരെ അറിയിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി വകുപ്പ് അറിയിച്ചു. ലൊക്കേഷനും സാധ്യമെങ്കില്‍ ഫോട്ടോയും സഹിതം 9961177333, 9961177133 എന്നീ നമ്പറുകളില്‍ അറിയിക്കാം.
യാചകരെ കണ്ടെത്തുന്നതിനായി പ്രത്യേകം വാഹനവും സജ്ജീകരിച്ചിട്ടുണ്ട്. വിശപ്പിനും നിസ്സഹായതയ്ക്കും മുന്നില്‍ ഭിക്ഷ നല്‍കുക എന്നതിലുപരി, അതിനു കാരണമായ സാഹചര്യങ്ങള്‍ മനസ്സിലാക്കി അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള അവസരം ഒരുക്കുകയാണ് വേണ്ടതെന്ന് സ്‌മൈല്‍ പദ്ധതി നോഡല്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ വൈ. ഷിബു നിര്‍വഹിച്ചു.








