
ടിവികെ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്
ചെന്നൈ: തമിഴ്നാട്ടില്‍ ടിവികെ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ പത്ത് മണിക്കാണ് ധനമന്ത്രി മാരി വില്‍സണ്‍ ബജറ്റ് അവതരിപ്പിക്കുക. സ്ത്രീകള്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കല്‍, സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര, 200 യൂണിറ്റ് വൈദ്യുതി തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ജാമ്യത്തില്‍ ഇറങ്ങിയ ഉദയനിധി ഇന്ന് നിയമസഭയില്‍ എത്തും. നടി തൃഷക്ക് എതിരായ ഉദയനിധി സ്റ്റാലിന്റെ ദ്വയാര്‍ഥ പരാമര്‍ശത്തില്‍ നിയമസഭ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

അതേസമയം ജാമ്യം നേടി ചെന്നൈയില്‍ തിരിച്ചെത്തിയ ഉദയനിധിക്ക് വന്‍ സ്വീകരണമാണ് ഡിഎംകെ പ്രവര്‍ത്തകര്‍ ഒരുക്കിയത്. ഒരുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഉദയനിധിയെ വിട്ടയച്ചത്. താന്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയിട്ടില്ലെന്നും കാവേരി നദീജല വിഷയത്തില്‍ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്നും ഉദയനിധി സ്റ്റാലിന് പ്രതികരിച്ചു.

അതേസമയം ഡിഎംകെയുടെ പ്രതിഷേധങ്ങളെ സഭയ്ക്ക് അകത്തും പുറത്തും പ്രതിരോധിക്കാനാണ് ടിവികെയുടെ തീരുമാനം. സ്ത്രീകള്‍ക്കെതിരായ അധിക്ഷേപങ്ങളില്‍ കര്‍ക്കശ നടപടി സ്വീകരിക്കും എന്ന നിലപാടില്‍ തന്നെയാകും ടിവികെ ഉറച്ച് നില്ക്കുക. പ്രതിപക്ഷ നേതാവായാലും കര്‍ശന നടപടിയാകും ഉണ്ടാകും എന്ന സന്ദേശം നല്‍കാനാകും ടിവികെയുടെ നീക്കം. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ തന്നെയാകും ബജറ്റിലേയും ആകര്‍ഷണം.









