
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് നാളെ മുതൽ മഴ; മഞ്ഞ അലർട്ട്
തിരുവനന്തപുരം: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും ആൻഡമാൻ കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമർദ്ദം തുടരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് വീണ്ടും ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.
ഇത് തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി നവംബർ 2 ന് വൈകുന്നേരത്തോടെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്താനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിശക്തമായ ചുഴലിക്കാറ്റായ ‘അർണബി’ന്റെ ശേഷിപ്പ് തെക്കുകിഴക്കൻ ഉത്തർപ്രദേശിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദമായി സ്ഥിതിചെയ്യുന്നുണ്ട്.
തെക്കൻ കേരള-കർണാടക തീരത്തിന് സമീപമുള്ള തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് തെക്കൻ മഹാരാഷ്ട്ര തീരത്തിന് സമീപമുള്ള ഉയർന്ന ചക്രവാതചുഴിയിലേക്ക് ഒരു ന്യൂനമർദപാത്തിയും നിലനിൽക്കുന്നു. ഇതിന്റെ സ്വാദീനഫലമായി നവംബർ 1 മുതൽ 4 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി നാളെ മുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഞ്ഞ അലർട്ട്
01/11/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി
02/11/2026: ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്
03/11/2026: കോഴിക്കോട്, വയനാട്, കണ്ണൂർ
04/11/2026: കണ്ണൂർ, കാസർഗോഡ്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.








