Vazhchayugam

Live News

28.3°C
  • Kottayam
June 13, 2026
Follow Us:
VazhchayugamBlogHealthസംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്

സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്

തിരുവനന്തപുരം: ഭാരതത്തെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംസ്ഥാനത്ത് ജൂണ്‍ 28 ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. പരിപാടിയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായും ജൂണ്‍ 28ന് അഞ്ചുവയസിന് താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് നല്‍കുന്നുവെന്ന് ഉറപ്പു വരുത്താന്‍ മാതാപിതാക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് അഞ്ചുവയസിന് താഴെയുളള 19,80,224 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. ഇതിനായി 22,288 ബൂത്തുകള്‍ സജീകരിക്കും. തുള്ളിമരുന്ന് നല്‍കാന്‍ 46,663 സന്നദ്ധപ്രവര്‍ത്തകരെ പരിശീലനം നല്‍കി നിയോഗിക്കും. ആരോഗ്യകേന്ദ്രങ്ങള്‍, ജനകീയആരോഗ്യ കേന്ദ്രങ്ങള്‍, നഗരാരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, വായനശാലകള്‍, സ്‌കൂളുകള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയുൾപ്പെടെ ജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ബൂത്തുകള്‍ ക്രമീകരിക്കും.

സാധാരണ ബൂത്തുകള്‍ക്ക് പുറമേ യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനു 539 ട്രാന്‍സിറ്റ് ബൂത്തുകള്‍, 283 മൊബൈല്‍ ബൂത്തുകള്‍, 9 ഉത്സവ/ മേളകളിലെ ബൂത്തുകള്‍ എന്നിവയും ക്രമീകരിക്കും. റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാകും ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുർഘട പ്രദേശങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ മരുന്ന് നല്‍കുന്നതിനാണ് മൊബൈല്‍ ബൂത്തുകള്‍.

1980കളില്‍ രാജ്യത്ത് പ്രതിവര്‍ഷം ഒന്നര ലക്ഷത്തിലധികം കുട്ടികള്‍ക്ക് അംഗവൈകല്യത്തിനു കാരണമായ പോളിയോ രോഗം 1995 പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ആരംഭിച്ചതിനു ശേഷം ക്രമമായി കുറച്ചു കൊണ്ടുവന്ന് 2011 ന് ശേഷം ഭാരതത്തില്‍ നിന്ന് പോളിയോ വൈറസിനെ പൂര്‍ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാധിച്ചു. 2026 ജനുവരി 13 ന് ഭാരതം പോളിയോ വിമുക്തമായി 15 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ ഉള്‍പ്പടെ ചിലരാജ്യങ്ങളില്‍ ഇപ്പോഴും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

പോളിയോ രോഗം ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ലോകം എത്തിനില്‍ക്കുന്നത്. പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Related Post