Vazhchayugam

Live News

28.3°C
  • Kottayam
June 22, 2026
Follow Us:
VazhchayugamBlogKeralaKeralaഅമ്മ ഭരണസമിതി പുറത്തേക്ക്? അവിശ്വാസ പ്രമേയവുമായി ഒരുവിഭാഗം

അമ്മ ഭരണസമിതി പുറത്തേക്ക്? അവിശ്വാസ പ്രമേയവുമായി ഒരുവിഭാഗം

കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറൽബോഡി യോഗം ആരംഭിച്ചു. നാടകീയ നീക്കങ്ങളാണ് ഇതിനിടെ ഉണ്ടാകുന്നത്. ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയ രേഖ തയ്യാറാക്കി. നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ആരോപണം. പുതിയ ഭരണസമിതി ഒഴിയണമെന്നും തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് പറയണമെന്നും അവിശ്വാസ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. യോഗത്തില്‍ ആദ്യം തന്നെ അവിശ്വാസ പ്രമേയം ചർച്ചക്ക് എടുക്കും.

എക്‌സിക്യൂട്ടിവ് അംഗങ്ങളുടെ വഴക്ക് പറഞ്ഞുതീര്‍ക്കാനാകില്ലെന്നും പ്രമേയത്തില്‍ പരാമര്‍ശം ഉണ്ട്. ഇതിനായി ഒരു വിഭാഗം ഒപ്പ് ശേഖരണം നടത്തി. ഭരണസമിതിയിലെ അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ പ്രസിഡന്റ് നിശബ്ദത പാലിച്ചെന്നും വിവാദങ്ങളില്‍ കൃത്യമായ നിലപാടോ നടപടികളോ എടുത്തില്ലെന്നും ഇവര്‍ ആക്ഷേപം ഉന്നയിച്ചു. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വനിതകള്‍ എത്തിയശേഷമുള്ള ആദ്യ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇന്ന് ചേരുന്നത്.

അമ്മ ഭരണസമിതിക്ക് മുന്നില്‍ ചില ചോദ്യങ്ങളും ഇവര്‍ വെയ്ക്കുന്നുണ്ട്. എല്ലാ വര്‍ഷവും നടത്താറുള്ള ‘മനോരമ ഷോ’ എന്തുകൊണ്ട് ഇക്കാലയളവില്‍ നടന്നില്ല?, IFFKയില്‍ മദ്യം നല്‍കി പാര്‍ട്ടി നടത്താന്‍ ആരാണ് അനുമതി കൊടുത്തത്?, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍ തമ്മിലുള്ള വഴക്ക് പറഞ്ഞുതീര്‍ക്കാന്‍ നേതൃത്വത്തിന് കഴിയാത്തതുകൊണ്ടല്ലേ അത് പുറത്തേക്ക് ഇത്രയധികം വന്നതും വഷളായതും? എല്ലാവര്‍ഷവും സൗജന്യമായി ലഭിച്ചിരുന്ന ഗോകുലം കണ്‍വെന്‍ഷന്‍ സെന്റര്‍ മാറ്റി, നാലരലക്ഷം കൊടുത്ത് ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ വെച്ച് ജനറല്‍ ബോഡി നടത്താന്‍ എന്താണ് കാരണം? അമ്മയുടെ ജനറല്‍ ബോഡി കഴിഞ്ഞാല്‍ 21 ദിവസത്തിനകം ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടും കണക്കുകളും തിരുവനന്തപുരം ഡിസ്ട്രിക്ട് രജിസ്ട്രാറുടെ ഓഫീസില്‍ സമര്‍പ്പിച്ച് രജിസ്ട്രാറുടെ അപ്രൂവൽ വാങ്ങണം എന്ന ചട്ടം പാലിച്ചിട്ടുണ്ടോ? ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുകളും ജനറല്‍ ബോഡിക്ക് ദിവസങ്ങള്‍ക്കുമുമ്പേ അംഗങ്ങള്‍ക്ക് അയച്ചുകൊടുക്കേണ്ടതാണ്. നാളിതുവരെ അത് അംഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. എന്താണ് കാരണം എന്നീ ചോദ്യങ്ങളാണ് അമ്മയ്ക്ക് മുന്നില്‍ വെയ്ക്കുന്നത്.

കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറിലാണ് ഇന്നത്തെ ജനറല്‍ ബോഡി യോഗം. അമ്മയിലെ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുകയും ചെയ്ത അന്‍സിബയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. അന്‍സിബയ്‌ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമോയെന്നാണ് അംഗങ്ങള്‍ ഉറ്റുനോക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags