Vazhchayugam

Live News

28.3°C
  • Kottayam
June 22, 2026
Follow Us:
VazhchayugamBlogNationalഅയോധ്യ രാമ ക്ഷേത്രത്തില്‍ കാണാതായത് ഭക്തര്‍ സമര്‍പ്പിച്ച കോടിക്കണക്കിന് രൂപയുടെ അമൂല്യ വസ്തുക്കള്‍

അയോധ്യ രാമ ക്ഷേത്രത്തില്‍ കാണാതായത് ഭക്തര്‍ സമര്‍പ്പിച്ച കോടിക്കണക്കിന് രൂപയുടെ അമൂല്യ വസ്തുക്കള്‍

അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്ക് ഭക്തര്‍ സമര്‍പ്പിച്ച കോടിക്കണക്കിന് രൂപയുടെ കാണിക്കപ്പണം, സ്വര്‍ണം, വെള്ളി, വജ്രം എന്നിവയടങ്ങുന്ന അമൂല്യ വസ്തുക്കള്‍ നഷ്ടപ്പെട്ടതായി ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. ക്ഷേത്രത്തിനായി നല്‍കിയ 60 കിലോഗ്രാം വെള്ളിക്കട്ടകള്‍ കാണാനില്ലെന്ന് ജ്വല്ലേഴ്സ് അസോസിയേഷനും ആരോപണം ഉന്നയിച്ചു കഴിഞ്ഞു. അന്വേഷണത്തിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അന്വേഷണം പൂര്‍ത്തിയാക്കും വരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്.

ജൂണ്‍ ഏഴിന് അയോധ്യയില്‍ നിന്നുള്ള മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ പവന്‍ പാണ്ഡെയാണ് ക്ഷേത്രത്തില്‍ അഞ്ചു കോടി മുതല്‍ ഏഴര കോടി വരെ സംഭാവന തട്ടിപ്പ് നടത്തിയതായി ആദ്യം ആരോപിച്ചത്. വിഷയത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആവശ്യപ്പെടുകയായിരുന്നു. അഖിലേഷ് യാദവിനു പിന്നാലെ ആം ആദ്മി പാര്‍ട്ടിയും ക്ഷേത്രത്തിലെ തട്ടിപ്പുകള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തി. ക്ഷേത്രത്തില്‍ ഏകദേശം 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് എഎപിയുടെ ആരോപണം.

ക്ഷേത്രത്തിലെ പ്രധാന അമൂല്യ വസ്തുക്കള്‍ കാണാതായതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. ‘പ്രാണ പ്രതിഷ്ഠ’ ചടങ്ങിനിടെ ഭക്തരും ജ്വല്ലേഴ്സ് അസോസിയേഷനും ചേര്‍ന്ന് സമര്‍പ്പിച്ച 60 കിലോഗ്രാം വെള്ളിക്കട്ടകള്‍ ക്ഷേത്രത്തിന്റെ രേഖകളില്‍ നിന്നും ശേഖരത്തില്‍ നിന്നും അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തുടനീളമുള്ള സ്വര്‍ണ-വെള്ളി വ്യാപാരികളുടെ സംഭാവനകള്‍ സ്വീകരിച്ച് ജ്വല്ലേഴ്സ് അസോസിയേഷന്‍ ആണ് ഈ വെള്ളികട്ടകള്‍ നിര്‍മ്മിച്ചത്. ക്ഷേത്രത്തിന്റെ അടിത്തറയില്‍ പാകാനായി നല്‍കിയ ഈ വെള്ളിക്കട്ടകള്‍ സ്വീകരിച്ചതിന്റെ രസീത് തങ്ങളുടെ പക്കലുണ്ടെന്ന് ജ്വല്ലേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങുകളിലോ അതിനുശേഷമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലോ ഈ വെള്ളിക്കട്ടകള്‍ ഉപയോഗിച്ചതായി കണ്ടിട്ടില്ലെന്നാണ് ജ്വല്ലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അനുരാഗ് രസ്തോഗി പറയുന്നത്.

രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുന്‍കാല നേതാവായ സന്തോഷ് ദുബെ പൊലീസില്‍ നല്‍കിയ പരാതി പ്രകാരം, രാജ്യത്തിനകത്തു നിന്നും വിദേശത്തു നിന്നും ഭക്തര്‍ സംഭാവന നല്‍കിയ വജ്രം, സ്വര്‍ണം, വെള്ളി എന്നിവ പതിപ്പിച്ചതും അഷ്ടധാതുക്കള്‍ കൊണ്ട് നിര്‍മിച്ചതുമായ ഏകദേശം 1,250 ഓളം അമൂല്യ ഇഷ്ടികകളും രാംമന്ദിറില്‍ നിന്നും കാണാതായിട്ടുണ്ട്. മൗറീഷ്യസില്‍ നിന്ന് അയച്ച സവിശേഷമായ ഇഷ്ടികയും മുംബൈയിലെ വ്യവസായി നല്‍കിയ വജ്ര ഇഷ്ടികയും ഇതില്‍ ഉള്‍പ്പെടുന്നു.

രാംലല്ലയ്ക്ക് സമര്‍പ്പിക്കപ്പെട്ട വിലയേറിയ ഒരു നെക്ലേസും ദിവ്യ പാദുകങ്ങള്‍ നഷ്ടപ്പെട്ടതായും, യഥാര്‍ത്ഥ ആഭരണങ്ങള്‍ക്ക് പകരം മുക്കുപണ്ടങ്ങളാണ് ഇപ്പോള്‍ ശേഖരത്തില്‍ ഉള്ളതെന്നും ആരോപണമുണ്ട്.

ഭക്തരുടെ വലിയ തോതിലുള്ള പ്രതിഷേധത്തെയും രാഷ്ട്രീയ വിവാദങ്ങളെയും തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റിന്റെ പരാതിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജൂണ്‍ 14ന് പ്രത്യേക അന്വേഷണ സംഘ രൂപീകരണം പ്രഖ്യാപിക്കുകയായിരുന്നു. ലഖ്‌നൗ ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് വിശ്വാസ് പന്ത്, ഐ ജി കിരണ്‍ എസ്, സ്പെഷ്യല്‍ സെക്രട്ടറി നീലരതന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags