
നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ ഇന്ന് മണ്ണാറശാലയിലേക്ക്
ആലപ്പുഴ: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിൽ ഇന്ന് ആയില്യം പൂജ. പൂജ തൊഴാൻ പതിനായിരങ്ങൾ ഇന്ന് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും. ഇന്ന് പുലർച്ചെ 4ന് നട തുറന്നു. ഉച്ചയ്ക്ക് ഒന്നിനാണ് ആയില്യം എഴുന്നള്ളത്ത്.
കുടുംബകാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പൂജ. ഉച്ചപൂജയ്ക്ക് ശേഷം ഇല്ലത്ത് നിലവറയ്ക്ക് മുന്നിൽ തെക്കേത്തളത്തിൽ ആയില്യം പൂജയ്ക്കുള്ള നാഗപദ്മക്കളം വരയ്ക്കും.
തുടർന്ന് അമ്മ കുളിച്ച് ക്ഷേത്രത്തിലെത്തിയ ശേഷം നാഗരാജാവിന്റെ പരിവാര സമേതമായ എഴുന്നള്ളത്ത് ഇല്ലത്തേക്ക്. നൂറും പാലും ഗുരുതിയും നടക്കും. ആയില്യം പൂജ പൂർത്തിയായാൽ അമ്മയുടെ അനുവാദം വാങ്ങി കുടുംബകാരണവർ ആകാശ സർപ്പങ്ങൾക്കായി തട്ടിന്മേൽ നൂറും പാലും നടത്തും. പൂയം തൊഴാൻ ഇന്നലെ ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു.








