
അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം: വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പൊലീസ്, പ്രതിയെ ബാധിക്കുന്ന പ്രതിഷേധം ഉണ്ടായില്ലെന്ന് വിശദീകരണം
പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ നടത്തിയ അതിക്രമത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പൊലീസ്. പ്രതിയെ ബാധിക്കുന്ന പ്രതിഷേധം ഉണ്ടായില്ലെന്നുമാണ് ജില്ലാ പൊലീസ് മേധാവിയ്ക്ക് പൊലീസുകാര്‍ നല്‍കിയ വിശദീകരണം.
അതേസമയം, അടൂര്‍ പൊലീസ് സ്റ്റേഷനിലെ അതിക്രമവുമായി ബന്ധപ്പെട്ട് ശ്രീനാദേവി കുഞ്ഞമ്മ, ഫെന്നി നൈനാന്‍ ഉള്‍പ്പെടെ 20 പേരെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങി. ഡിജിപിയുടെ നിര്‍ദേശപ്രകാരം കര്‍ശന നടപടിയുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനം.
അടൂര്‍ പൊലീസ് സ്റ്റേഷനില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെ അറസ്റ്റ് ചെയ്ത് കൊണ്ടുവന്നപ്പോള്‍ അക്രമം നടത്തിയ സംഭവത്തിലാണ് ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് പ്രതിചേര്‍ക്കാനൊരുങ്ങുന്നത്. ജൂലൈ 11ന് നടന്ന അക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷിബു ഉണ്ണിത്താനെതിരെയും കണ്ടാലറിയാവുന്ന 20ഓളം പേര്‍ക്കെതിരെയും അടൂര്‍ പൊലീസ് കേസെടുത്തിരുന്നു. ഷിബു ഉണ്ണിത്താന്‍ മുന്‍കൂര്‍ ജാമ്യം നേടിയെങ്കിലും മറ്റ് പ്രതികള്‍ക്കെതിരെ യാതൊരു നടപടിയുമുണ്ടായില്ല. പൊലീസ് സ്റ്റേഷനിലെ അക്രമവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ശ്രീനാദേവി കുഞ്ഞമ്മ, ഫെനി നൈനാന്‍ എന്നിവരെ കേസില്‍ പ്രതിചേര്‍ക്കുക. ഇതുസംബന്ധിച്ച് പത്തനംതിട്ട എസ് പിയില്‍ നിന്നു ഡിജിപി റിപ്പോര്‍ട്ട് തേടി.
യൂട്യൂബറായ രാജന്‍ ജോസഫ് ശ്രീനാദേവിക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ ചെയ്തതിനെതുടര്‍ന്നാണ് അറസ്റ്റിലായത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരാണ് അടൂര്‍ പൊലീസ് സ്റ്റേഷന്‍ അക്രമ കേസിലെ പ്രതികള്‍.യൂട്യൂബര്‍ രാജന്‍ ജോസഫ് പൊലീസ് സ്റ്റേഷനില്‍ ആക്രമിക്കപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് സിപിഐഎം തീരുമാനം.








