Vazhchayugam

Live News

28.3°C
  • Kottayam
November 5, 2026
Follow Us:
VazhchayugamBlogNationalശ്രീരാമൻ്റെ പേരില്‍ ഇനിയുമെത്ര തട്ടിപ്പ് ബാക്കിയുണ്ട്; VB-G RAM Gയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ശ്രീരാമൻ്റെ പേരില്‍ ഇനിയുമെത്ര തട്ടിപ്പ് ബാക്കിയുണ്ട്; VB-G RAM Gയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ന്യൂഡൽഹി: വി ബി – ജി റാം ജിയില്‍ വീണ്ടും ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പദ്ധതിക്ക് കീഴില്‍ വ്യാജ ഹാജറുകള്‍ അനുവദിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. ശ്രീരാമന്റെ പേരില്‍ ബി.ജെ.പി ഇനിയുമെത്ര തട്ടിപ്പുകള്‍ നടത്തുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ചോദിച്ചു. ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗര്‍ ജില്ലയില്‍ നടന്ന ഹാജര്‍ തട്ടിപ്പ് ചൂണ്ടിക്കാട്ടിയാണ് ജയ്‌റാം രമേശ് വിമര്‍ശനമുന്നയിച്ചത്. ഗൊരഖ്പൂരിലും സമാനമായ രീതിയില്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് വിഷയം ചര്‍ച്ചയാക്കിയതോടെ സര്‍ക്കാരിന് വിശദീകരണം നല്‍കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ക്ലോണ്‍ ആപ്പുകളിലൂടെ തുടര്‍ച്ചയായി ഹാജര്‍ തട്ടിപ്പുകള്‍ നടക്കുന്ന കാര്യം ഇതിനോടകം തന്നെ പലയാവര്‍ത്തി തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. ഇത് വളരെയധികം ഗുരുതരമായ വിഷയമാണ്. ഭഗവാന്‍ ശ്രീരാമന്റെ പേരില്‍ സംഭാവനകള്‍ മോഷ്ടിക്കപ്പെടുന്നു, ശ്രീരാമന്റെ പേരില്‍ വ്യാജ തൊഴിലുകളുണ്ടാക്കുന്നു. ശ്രീരാമന്റെ പേരില്‍ ഇനിയുമെത്ര പാപങ്ങള്‍ നിങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ട്,’ രാമക്ഷേത്ര തട്ടിപ്പും പരാര്‍ശിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.

വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) ആക്ട് അഥവാ വി.ബി-ജി റാം ജി പദ്ധതിയില്‍ പുതിയൊരു തട്ടിപ്പ് രീതി കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ജയ്‌റാം രമേശ് വിമര്‍ശനമുന്നയിച്ചത്. ഔദ്യോഗിക നാഷണല്‍ മൊബൈല്‍ മോണിറ്ററിങ് സിസ്റ്റം (എന്‍.എം.എം.എസ്) ആപ്പിന് സമാനമായ വ്യാജ ആപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. മൊബൈല്‍ ഫോണുകളില്‍ നേരത്തെ സൂക്ഷിച്ചിരുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് കൂട്ടത്തോടെ ഹാജര്‍ രേഖപ്പെടുത്തുന്നതായിരുന്നു തട്ടിപ്പിന്റെ രീതി.

‘ആദ്യം ശ്രീരാമന്റെ പേരില്‍ ലഭിച്ച സംഭാവനകളുടെ മോഷണം; പിന്നീട് എംജിഎന്‍ആര്‍ഇജിഎ പ്രകാരമുള്ള 100 ദിവസത്തെ തൊഴില്‍ അവകാശത്തിന്മേലുള്ള കടന്നുകയറ്റം; ഇപ്പോഴിതാ വി ബി-ജി റാം ജി പദ്ധതിയില്‍ വ്യാജ ഹാജര്‍ രേഖകള്‍ ഉപയോഗിച്ച് പാവപ്പെട്ടവരെ സര്‍ക്കാര്‍തന്നെ കൊള്ളയടിക്കുന്ന പദ്ധതി!’ ജയ്‌റാം രമേശ് പറഞ്ഞു.

ശ്രീരാമന്റെ പേര് ഉപയോഗിച്ചുകൊണ്ട് പാവപ്പെട്ടവരെ ലക്ഷ്യമിടുകയും അവരുടെ തൊഴില്‍ അവകാശം കവര്‍ന്നെടുക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘ഇത് കേവലം അഴിമതിയല്ല; ഭക്തിയുടെയും തൊഴിലിന്റെയും പേരില്‍ വിശ്വാസത്തെ വഞ്ചിക്കുകയും പാവപ്പെട്ടവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയുമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസവും വി ബി-ജി റാം ജി പദ്ധതിയിലെ ഹാജര്‍ ക്രമക്കേടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിരുന്നു. ശ്രീരാമന്റെ പേര് ഉപയോഗിച്ചുകൊണ്ട് പാവപ്പെട്ടവരുടെ അവകാശങ്ങളെ ‘ആക്രമിക്കുന്നതാണ്’ ബിജെപിയുടെ യഥാര്‍ഥ പ്രവര്‍ത്തനരീതിയെന്ന് പാര്‍ട്ടി ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags