
ദീര്‍ഘകാലം പങ്കാളിയുമൊത്ത് ജീവിക്കാം; വിവാഹത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് ‘കിടിലന്‍’ കോഴ്സ്
പനാജി: വിവാഹമെന്നത് രണ്ടു വ്യക്തികള്‍ തമ്മിലോ, രണ്ടു കുടുംബങ്ങള്‍ തമ്മിലോ നിയമപരമായും സാംസ്കാരികമായും ഉണ്ടാകുന്ന ഒരു ബന്ധമാണ്. എന്നാല്‍ ആ ബന്ധം ദീര്‍ഘകാലം നിലനില്ക്കാന് വിവാഹത്തിന് മുന്‍പായി പരസ്പരം മനസിലാക്കുന്നത് ഏറെ നല്ലതാണ്. വിവാഹമോചനങ്ങളും ദാമ്പത്യപ്രശ്നങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, കുടുംബജീവിതം നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകരമായ കോഴ്സുമായി മുന്നോട്ടുവന്നിരിക്കുകയാണ് ഗോവ കോളേജ് ഓഫ് ഹോം സയന്‍സ്. യുവാക്കള്‍ക്കിടയില്‍ പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്യാനും പ്രതിസന്ധികളെ നേരിടാനുമുള്ള പക്വത ഉണ്ടാക്കുകയുമാണ് ‘മ്യാരേജ് റെഡിനസ്’ കോാഴ്സിലൂടെ ലക്ഷ്യമിടുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
ഗോവയിലുടനീളം പ്രീ-മാരിറ്റല്‍ കൗണ്‍സിലിങ് ഏര്‍പ്പെടുത്താന്‍ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ കോഴ്സ് തുടങ്ങാനുള്ള ഗോവ കോളേജ് ഓഫ് ഹോം സയന്‍സിന്റെ തീരുമാനം. വിവാഹത്തിന് മുന്‍പ് പരസ്പരം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘മ്യാരേജ് റെഡിനസ്’ എന്നത് വിവാഹച്ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ മാത്രമല്ല; മറിച്ച്, ദാമ്പത്യ ജീവിതത്തിലെ പരസ്പര ധാരണ, പ്രതിബദ്ധത, ഉത്തരവാദിത്തങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവ് കൂടിയാണെന്ന് കോളജ് പ്രിന്‍സിപ്പല്‍ മഹേഷ് പൈ പറഞ്ഞു. ആരോഗ്യകരവും ദീര്‍ഘകാലം നിലനില്ക്കുന്നതുമായ ഒരു ബന്ധം കെട്ടിപ്പടുക്കാന്‍ എന്തൊക്കെ ആവശ്യമാണെന്ന് മനസ്സിലാക്കാന്‍ ഈ കോഴ്സ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ച് ദിവസമാണ് കോഴ്സ് കാലാവധി.
2022 നും 2025 നും ഇടയില്‍ ഗോവയില്‍ 3,000-ത്തിലധികം വിവാഹമോചന ഹര്‍ജികളാണ് ഫയല്‍ ചെയ്തത്. ഇതില്‍ 947 എണ്ണം 2024-ല്‍ മാത്രം ഫയല്‍ ചെയ്തവയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോഴ്സ് അവതരിപ്പിച്ചുകൊണ്ടുള്ള കോളജിന്റെ ബ്രോഷറില്‍ ഇങ്ങനെ പറയുന്നു; ‘കരിയറിനായി നമ്മള് ഏകദേശം 20 വര്‍ഷത്തോളം ചെലവഴിക്കുന്നു, എന്നാല്‍ കരിയറിനേക്കാള്‍ ജീവിതത്തില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന വിവാഹത്തിനോ കുടുംബജീവിതത്തിനോ വേണ്ടി നമ്മള് എത്ര സമയം നിക്ഷേപിക്കുന്നുണ്ട്?’എന്നാണ്.
പരസ്പരം തിരിച്ചറിയുകയും ബന്ധങ്ങളുടെയും ദാമ്പത്യ ഉത്തരവാദിത്വങ്ങളെയും കുറിച്ച് യുവാക്കള്‍ക്കിടയില്‍ വ്യക്തമായ ബോധ്യം ഉണ്ടാകുകയെന്നത് അനിവാര്യമാണ്. ഈ കാര്യങ്ങളെല്ലാം പരിശോധിക്കാനും നല്ലൊരു ബന്ധം കെട്ടിപ്പടുക്കാന്‍ എന്തൊക്കെ വേണമെന്ന് ആഴത്തില്‍ മനസ്സിലാക്കാനുമുള്ള അവസരമാണ് ഈ കോഴ്സ് നല്‍കുന്നതെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍, വിവാഹിതരാകാത്ത യുവാക്കള്‍, വിവാഹത്തിന് തയ്യാറെടുക്കുന്നവര്‍ക്കുമെല്ലാം ഈ കോഴ്സില്‍ പങ്കെടുക്കാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.









