
സിനഗോഗ് ആക്രമണം: രാജ്യവിരുദ്ധ ശക്തികളെ പുറത്തുകൊണ്ടുവരണം; നവംബർ 3-ന് പോലീസ് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തും – എസ്ഡിപിഐ
എറണാകുളം: ജൂത സിനഗോഗ് ആക്രമണത്തിന് പിന്നിലെ രാജ്യവിരുദ്ധ ശക്തികളെ പുറത്തുകൊണ്ടുവരണമെന്നും സംഭവത്തിലെ ദുരൂഹതകൾ നീക്കണമെന്നും ആവശ്യപ്പെട്ട് നവംബർ 3 ചൊവ്വാഴ്ച പോലീസ് കമ്മീഷണർ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അജ്മൽ കെ. മുജീബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എട്ടുപേർ കൊല്ലപ്പെട്ട കളമശ്ശേരി സ്ഫോടനം നടന്നിട്ട് ഒക്ടോബർ 29-ന് മൂന്നുവർഷം തികയുകയാണ്. യഹോവ സാക്ഷികളുടെ കൺവെൻഷനിൽ സ്ഫോടനം നടത്തിയ പ്രതി ഡൊമിനിക് മാർട്ടിനും, സിനഗോഗ് ആക്രമണക്കേസിലെ പ്രതി എബിൻ പോളും സ്ഫോടകവസ്തുക്കൾ വാങ്ങിയത് ഒരേ കടയിൽ നിന്നാണെന്ന വിവരം ഞെട്ടിക്കുന്നതാണ്. കളമശ്ശേരി സ്ഫോടനക്കേസിലെ ഗൂഢാലോചന കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ സിനഗോഗ് ആക്രമണം തടയാമായിരുന്നു. അതിനാൽ അന്വേഷണ സംഘത്തിന്റെയും ഭീകരവിരുദ്ധ സേനയുടെയും (ATS) വീഴ്ചകൾ ബോധ്യമായിരിക്കേ, കേരളം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായ കളമശ്ശേരി സ്ഫോടന കേസ് പുനരന്വേഷിക്കാൻ സർക്കാർ തയ്യാറാകണം.
മട്ടാഞ്ചേരിയിലെയും എറണാകുളത്തെയും ജൂത ആരാധനാലയങ്ങൾക്ക് ഭീഷണിയുണ്ടായിരുന്നിട്ടും പഴുതടച്ച സംരക്ഷണം ഉറപ്പാക്കുന്നതിൽ പോലീസിനും സർക്കാരിനും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്.ഗൗരി ലങ്കേഷ്, പൻസാരെ വധക്കേസുകളിൽ പങ്കുള്ളതായി കണ്ടെത്തി നിരോധിച്ച സനാതൻ സൻസ്തയുടെ പ്രവർത്തനം കേരളത്തിൽ നിർബാധം നടക്കുന്നുണ്ട്. ഈ ഹിന്ദുത്വ ഭീകര സംഘടനയ്ക്ക് സിനഗോഗ് ആക്രമണത്തിൽ പങ്കുണ്ടോയെന്നും പരിശോധിക്കണം. കേസിലെ പ്രതികളായ എബിൻ പോൾ, വിക്രം എന്നിവർക്ക് കാസ (CASA) നേതാവ് കെവിൻ പീറ്ററുമായുള്ള ബന്ധവും പോലീസ് അന്വേഷിക്കണം.
മുസ്ലിം നാമധാരികളെ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ നടത്തി ഒരു സമുദായത്തെ സംശയനിഴലിലാക്കുന്ന തന്ത്രത്തിന് സമാനമായി, ക്രിസ്ത്യൻ പേരുകൾ ഉപയോഗിച്ച് ‘ക്രിസ്ത്യൻ തീവ്രവാദം’ എന്ന പൊതുബോധം നിർമ്മിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സംഘപരിവാറും കാസയും നടത്തുന്ന വർഗീയ ധ്രുവീകരണ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്.
മതസൗഹാർദ്ദം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെയും വർഗീയ-വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും കേരളീയ സമൂഹം ജാഗ്രത പാലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് അജ്മൽ കെ മുജീബ്, ജില്ലാ സെക്രട്ടറി എൻ. കെ. നൗഷാദ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷിഹാബ് പടന്നാട്ട് പങ്കെടുത്തു.








