
കായിക മാമാങ്കത്തിന് തണുപ്പേകാൻ പാരമ്പര്യത്തിൻ്റെ മൺകൂജകൾ; ഇരുന്നൂറോളം കൂജകൾ എത്തിച്ച് സംഘാടകർ
കോഴിക്കോട്: ഒരുകാലത്ത് ഫ്രിഡ്ജും മറ്റ് കൂളിങ് സംവിധാനങ്ങളുമൊക്കെ വരുന്നതിന് മുൻപേ നല്ല ശുദ്ധമായ തണുത്ത വെള്ളം നൽകിയിരുന്ന സംവിധാനമായിരുന്ന മൺകൂജകൾ. നാട്ടിൻപുറങ്ങളിലെ വീടുകളിൽ തണുത്ത വെള്ളം കുടിക്കണമെങ്കിൽ ആളുകൾ ഇത്തരം മൺകൂജകളെ ആശ്രയിച്ചു. വീടുകളിൽ മാത്രമല്ല ലൈബ്രറികളിലും ഓഫിസുകളിലും എല്ലാം മൺകൂജകൾ ഇടംപിടിച്ചു. ദാഹത്തോടെ ഓടിച്ചെന്ന് കൂജയിൽ നിന്ന് അൽപ്പം വെള്ളമെടുത്ത് കുടിച്ചാൽ ഉള്ളം തണുക്കും. കൂജകളിൽ വെള്ളം നിറച്ച് വച്ചാൽ അൽപ്പനേരം കഴിയുമ്പോഴേക്കും വെള്ളം നല്ല തണുത്തതായി മാറും.
എന്നാൽ കാലം മാറിയതോടെ വെള്ളം തണുപ്പിക്കാനുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ കടന്നുവന്നു. പുത്തൻ തലമുറ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് വെള്ളം തണുപ്പിക്കാൻ തുടങ്ങി. കാലക്രമേണ കൂജകൾ വീടുകളിൽ നിന്ന് അപ്രത്യക്ഷമായി. പുതിയ തലമുറകൾക്കാണെങ്കിൽ കൂജകൾ എന്താണെന്ന് പോലും അറിയാത്ത സ്ഥിതിയുമാണ്. പരമ്പരാഗത ജനജീവിതത്തിൽ അവിഭാജ്യ ഘടമായിരുന്ന മൺകൂജകൾ പലപ്പോഴും പാഴ്വസ്തുക്കളായി. എന്നാൽ വീണ്ടും മൺകൂജകൾ അതേ പ്രാധാന്യത്തോടോ പുത്തൻ തലമുറകളിലേയ്ക്ക് തിരിച്ചെത്തുകയാണ് സംസ്ഥാന സ്കൂൾ കായിക മേളയിലൂടെ. ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേള പുതു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്.
68-ാം മത് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നവർക്ക് മൺകൂജകളിലായിരിക്കും കുടിവെള്ളം നൽകുക. ‘തണ്ണീർ കൂജ’ എന്ന് പേരിട്ട പദ്ധതിയിൽ കായികമേള നടക്കുന്ന എല്ലാ വേദികളിലും
മൺകൂജകളിൽ കുടിവെള്ളം എത്തിക്കും. പ്ലാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യമാണ് മൺകൂജ പദ്ധതിയിലൂടെ വെൽഫെയർ കമ്മിറ്റി ഉദ്ദേശിക്കുന്നത്. സംസ്ഥാന സ്കൂൾ കായികമേളക്ക് എത്തുന്ന എല്ലാവർക്കും ഇത്തരം മൺകൂജകളിലാണ് ഇത്തവണ കുടിവെള്ളം വിതരണം ചെയ്യുകയെന്നത് ഏറെ ശ്രദ്ധേയമാകുകയാണ്. കായികമേള നടക്കുന്ന ഓരോ വേദികൾക്ക് സമീപവും സംഘാടകർ മൺകൂജകളിൽ കുടിവെള്ളം നിറച്ച് വയ്ക്കും. മൺകൂജകളിലുള്ള വാട്ടർ ടാപ്പുകൾ തുറക്കുന്നതോടെ ആർക്കും കുടിവെള്ളം എടുക്കാനാകും. കുടിവെള്ളം എടുക്കുന്നതിനും മണ്ണിൻ്റെ തന്നെ ഗ്ലാസുകൾ സംഘാടകർ പ്രത്യേകം എത്തിച്ചിട്ടുണ്ട്.
ജലവിതരണത്തിനായുള്ള തണ്ണീർ കൂജ എന്നത് വെൽഫെയർ കമ്മിറ്റിയുടെ പദ്ധതിയാണെന്ന് വെൽഫെയർ കമ്മിറ്റി കൺവീനർ കെഎംഎ നാസർ മാസ്റ്റർ പറയുന്നു. സാധാരണ പ്ലാസ്റ്റിക് കുപ്പികളിലൂടെ വിതരണം ചെയ്യുന്ന വെള്ളം മൺകൂജകളും മൺഗ്ലാസുകളും ഉപയോഗിച്ചുകൊണ്ട് മത്സരാർഥികൾക്കും കാണികൾക്കുമെല്ലാം വിതരണം ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. പരമ്പരാഗതമായ ജലവിതരണ രീതി കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്നതും ഇതിൻ്റെ ഭാഗമാണ്. ഇതിലൂടെ വളരെ ശുദ്ധമായ വെള്ളം വിതരണം ചെയ്യാൻ സാധിക്കും എന്ന സന്ദേശവുമുണ്ട്. പൂർണമായും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കാൻ സാധിക്കും.
കോഴിക്കോട് മത്സരം നടക്കുന്ന ഓരോരോ സ്കൂളിലും ഇത് വിതരണം ചെയ്യും. പുതിയ തലമുറയ്ക്ക് മൺകൂജയുടെ ഉപയോഗത്തിൻ്റെ ആവശ്യകത പങ്കുവയ്ക്കും. ഇത് ദീർഘകാലം നിലനിൽക്കുന്നതാണ്. ഇതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. തൃശൂരിൽ കൂജകൾ നിർമ്മിക്കുന്ന ഒരു ഗ്രാമമുണ്ട്. അവിടെനിന്നാണ് കൂജകൾ എത്തിച്ചിരിക്കുന്നത്. കൂജ നിർമ്മിക്കുന്നവർക്ക് വലിയ പ്രോത്സാഹനം കൂടിയാണിതെന്നും നാസർ വ്യക്തമാക്കി.
ഇരുന്നൂറ് മൺകൂജകളാണ് കായികമേള നടക്കുന്ന പ്രധാന വേദിയായ ചാത്തമംഗലം എൻഐടി ഗ്രൗണ്ടിൽ എത്തിച്ചത്. ഈ മൺകൂജകൾ ഇന്നുതന്നെ ഓരോ വേദികളിലും എത്തിക്കും. കൂടാതെ കായിക താരങ്ങൾ താമസിക്കുന്ന ഇടങ്ങളിലും മൺകൂജകൾ സ്ഥാപിക്കുന്നുണ്ട്. സംസ്ഥാന കായികമേള കൊടിയിറങ്ങി കഴിഞ്ഞാൽ ഈ മൺകൂജകൾ തെരഞ്ഞെടുത്ത നൂറ് സ്കൂളുകൾക്ക് കൈമാറും. കുട്ടികളിലൂടെ പ്ലാസ്റ്റിക്കിനെതിരെയുള്ള ഒരു ബോധവത്ക്കരണം കൂടിയാണ് ഇതുവഴി സംഘാടകർ ഉദ്ദേശിക്കുന്നത്. അതോടൊപ്പം പ്രകൃതിയിലേക്ക് മടങ്ങുക എന്ന ആശയവും തണ്ണീർ കൂജയിലൂടെ ലക്ഷ്യമിടുന്നുണ്ട്.








