Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaസ്പാകളുടെ മറവിൽ സെക്സ് റാക്കറ്റും തട്ടിപ്പും; കർശന നടപടിയെന്ന് രമേശ് ചെന്നിത്തല

സ്പാകളുടെ മറവിൽ സെക്സ് റാക്കറ്റും തട്ടിപ്പും; കർശന നടപടിയെന്ന് രമേശ് ചെന്നിത്തല

എറണാകുളം: സംസ്ഥാനത്ത് സ്പാകളുടെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കളമശേരിയിൽ ഇരുപതുകാരിയായ യുവതി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിന് പിന്നാലെയാണ് സ്പാകൾ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) നിർദേശം നൽകിയതെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.

കളമശേരിയിൽ സ്പായുമായി ബന്ധപ്പെട്ട് യുവതിക്ക് നേരിടേണ്ടി വന്നത് അത്യന്തം ക്രൂരമായ അതിക്രമമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്തെ മുഴുവൻ സ്പാകളിലും പ്രത്യേക പരിശോധന നടത്തും. ലൈസൻസിങ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പുതിയ തീരുമാനങ്ങൾ ഉണ്ടാകും. യാതൊരുവിധ ലൈസൻസുമില്ലാതെ സ്പാ എന്ന പേരിൽ ബോർഡ് വച്ച് നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എറണാകുളം ജില്ലയിലാണ് ഇത്തരം കേന്ദ്രങ്ങൾ കൂടുതലായി പ്രവർത്തിക്കുന്നത്. ഇതിന് പുറമെ കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലും സമാനമായ സ്ഥാപനങ്ങളുണ്ട്. ഇവിടങ്ങളിൽ ശക്തമായ പൊലീസ് പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്പാകളുടെ മറവിൽ വലിയ തോതിലുള്ള തട്ടിപ്പുകളും ലൈംഗികാതിക്രമങ്ങളുമാണ് നടക്കുന്നത്. ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായും പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരം ചൂഷണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. വൻ തുകകൾ തട്ടിയെടുക്കുന്നതിനൊപ്പം സെക്സ് റാക്കറ്റുകൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന ഗുരുതരമായ പരാതികളും സർക്കാരിന് മുന്നിലുണ്ട്.

ഈ സാഹചര്യത്തിൽ വിഷയം പൊലീസ് ഗൗരവമായി അന്വേഷിക്കും. ഡിജിപിക്ക് ഇത് സംബന്ധിച്ച കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പ്രത്യേക കുടുംബവുമായി ബന്ധപ്പെട്ട വിഷയം അന്വേഷണത്തിൻ്റെ ഭാഗമാണെന്നും അവരുമായി താൻ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരം കേന്ദ്രങ്ങൾക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കാൻ സർക്കാർ ഒരുങ്ങുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags