Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaസംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങൾ ഇനി ചരിത്രം; എട്ട് എംജിഎൽസികൾ എൽപി സ്‌കൂളുകളാക്കി ഉയർത്തി

സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങൾ ഇനി ചരിത്രം; എട്ട് എംജിഎൽസികൾ എൽപി സ്‌കൂളുകളാക്കി ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഏകാധ്യാപക വിദ്യാലയങ്ങൾ എന്നത് ചരിത്രമായി. നിലവിൽ പ്രവർത്തിച്ച് വന്നിരുന്ന എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെ (എംജിഎൽസി) ഗവ ലോവർ പ്രൈമറി സ്‌കൂളുകളായി ഉയർത്തിയിരുന്നു. സർക്കാരിൻ്റെ ആദ്യ നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം കിഴിശ്ശേരി മേൽമുറി ബദൽ സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ധീൻ ഇന്നലെ നിർവഹിച്ചതോടെയാണ് ഏകാധ്യാപക വിദ്യാലയങ്ങൾ ചരിത്രത്തിൻ്റെ ഭാഗമായി മാറിയത്.

പിന്നാക്ക-മലയോര-ആദിവാസി മേഖലകളിലുള്ള മലപ്പുറം ജില്ലയിലെ അരിമംഗലം, താനൂർ കാളംതുരുത്തി, വണ്ടൂർ അരിമണൽ, മഞ്ചേരി തരികുളം എന്നിങ്ങനെ അഞ്ച് ബദൽ സ്‌കൂളുകളും കാസർകോട് ജില്ലയിലെ ആലൂർ, ഇടുക്കി കുറത്തികുടി, കണ്ണൂർ കാലാങ്കി എന്നിങ്ങനെ എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെയാണ് എൽ പി സ്‌കൂളുകളാക്കി ഉയർത്തിയത്. എൽ പി സ്‌കൂളുകളാക്കി ഉയർത്തിയ വിദ്യാലയങ്ങളിലെല്ലാം ക്ലാസ് മുറികളും പ്രധാനാധ്യാപകൻ്റെ മുറിയും ആവശ്യമായ അധ്യാപക തസ്‌തികകളും ഉടൻ അനുവദിക്കാനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം.

സംസ്ഥാനത്തെ 6,000 എൽ പി, യു പി സ്‌കൂളുകളിൽ ‘ഡിജിറ്റൽ സ്‌ക്വയർ’ വഴി സ്‌മാർട്ട് ക്ലാസ് സൗകര്യങ്ങൾ കൊണ്ടുവരുന്നതിനും ഹൈസ്‌കൂളുകളിൽ നിർമ്മിതബുദ്ധി, റോബോട്ടിക്‌സ് എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. കൂടാതെ മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ 120 അധിക ബാച്ചുകൾ അനുവദിച്ചതിലൂടെയും സ്പെഷ്യൽ ഉത്തരവുകളിലൂടെയും പതിനായിരത്തോളം കുട്ടികൾക്ക് തുടർപഠനത്തിന് അവസരം നൽകാനായി. സ്‌കൂളുകളിൽ കായിക അധ്യാപകരുടെ തസ്‌തികയ്ക്ക് നിലവിലുണ്ടായിരുന്ന 500 വിദ്യാർത്ഥികൾ എന്ന മാനദണ്ഡം 300 ആയി കുറച്ചതായും കൂടുതൽ സമഗ്രമായ മാറ്റങ്ങൾക്കായി വിദഗ്‌ധ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.

1997-ലാണ് കേരളത്തിലെ ഔദ്യോഗിക ഏകാധ്യാപക വിദ്യാലയങ്ങൾ അഥവാ മൾട്ടി ഗ്രേഡ് ലേണിങ് സെൻ്ററുകൾ സ്ഥാപിച്ചത്. സംസ്ഥാനത്തെ ഉൾക്കാടുകളിലെ ആദിവാസി മേഖലകൾ, തീരപ്രദേശങ്ങൾ, തോട്ടം മേഖലകൾ എന്നിവിടങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതായിരുന്നു ഇതിൻ്റെ ലക്ഷ്യം. ഡിസ്ട്രിക്റ്റ് പ്രൈമറി എജ്യുക്കേഷൻ പ്രോഗ്രാമിൻ്റെ (DPEP) ഭാഗമായാണ് 1997-ൽ ഇവ ആരംഭിക്കുന്നത്. വയനാട്, കാസർഗോഡ് ജില്ലകളിലെ ആദ്യകാല വിജയത്തിന് ശേഷം 1999ൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിലെ ആദിവാസി മേഖലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചു.

വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ പശ്ചാത്തലത്തിൽ, 2022 മാർച്ചിനകം ഭൂരിഭാഗം ഏകാധ്യാപക വിദ്യാലയങ്ങളും നിർത്തലാക്കുകയും കുട്ടികളെ അടുത്തുള്ള പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റുകയും ചെയ്‌തു. തുടർന്ന് അവശേഷിച്ചിരുന്ന അവസാനത്തെ എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെക്കൂടി 2026 സെപ്റ്റംബറിൽ സംസ്ഥാന സർക്കാർ ലോവർ പ്രൈമറി സ്‌കൂളുകളായി ഉയർത്തിയതോടെ കേരളം ‘ഏകാധ്യാപക വിദ്യാലയങ്ങളില്ലാത്ത സംസ്ഥാനം’ എന്ന പദവി കൈവരിച്ചു കഴിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags