Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaമുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഐഎഎസ് ലോബിയും ചേർന്ന് കെ എം ബഷീർ കൊലക്കേസ് അട്ടിമറിക്കുന്നു: സിറാജ് ഡയറക്ടർ

മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഐഎഎസ് ലോബിയും ചേർന്ന് കെ എം ബഷീർ കൊലക്കേസ് അട്ടിമറിക്കുന്നു: സിറാജ് ഡയറക്ടർ

തിരുവനന്തപുരം: മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഐഎഎസ് ലോബിയും ചേർന്ന് കെ എം ബഷീർ കൊലക്കേസ് അട്ടിമറിക്കുകയാണെന്ന് ആരോപണം. യുഡിഎഫിനെയോ മറ്റ് മന്ത്രിമാരെയോ ബുദ്ധിമുട്ടിക്കാനുള്ള രാഷ്ട്രീയമായ ആരോപണമല്ലെന്നും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ഈ വിഷയത്തിൽ ഇടപെട്ട് അട്ടിമറിച്ചു എന്ന തികഞ്ഞ ബോധ്യമാണ് അറിയിക്കുന്നതെന്നും സിറാജ് ഡയറക്ടറും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റുമായ എ സൈഫുദ്ദീൻ ഹാജി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു സൈഫുദ്ദീൻ ഹാജിയുടെ വെളിപ്പെടുത്തൽ.

ആഭ്യന്തരമന്ത്രിയെ നിഴലിൽ നിർത്തി മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ടിറങ്ങിയാണ് ശ്രീറാം വെങ്കട്ടരാമന് വേണ്ടി കേസ് അട്ടിമറിക്കാനുള്ള നീചമായ പ്രവൃത്തി ചെയ്തതെന്നാണ് സൈഫുദ്ദീൻ ഹാജിയുടെ ആരോപണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിസ്സഹായനാണെന്നും തനിക്ക് എന്ത് ചെയ്യാൻ പറ്റും, തൻ്റെ കൈയിൽ നിന്ന് പോയി എന്ന് അദ്ദേഹം പറഞ്ഞതായും എ സൈഫുദ്ദീൻ ഹാജി വെളിപ്പെടുത്തൽ. ഒരു സ്റ്റേറ്റ് ചെയ്യേണ്ട സാമാന്യനീതിയുടെ നിഷേധമാണ് സംഭവിച്ചിരിക്കുന്നത്. ഇതിന് ഞങ്ങൾ സംസ്ഥാന സർക്കാറിനെ ഒന്നാകെ കുറ്റപ്പെടുത്തുന്നില്ലെന്നും സൈഫുദ്ദീൻ ഹാജി വെളിപ്പെടുത്തി.

മാധ്യമപ്രവർത്തകൻ കെ എം ബഷീറിൻ്റെ കൊലപാതക കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് കാലമിത്ര കഴിഞ്ഞിട്ടും വിചാരണപോലും നടക്കാത്ത വിധത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് വിചാരണയുമായി ബന്ധപ്പെട്ട നാൾവഴികൾ വിശ​ദീകരിച്ച് സൈഫുദ്ദീൻ ഹാജി ആരോപിച്ചത്. പടിക്കെട്ട് കയറാൻ പ്രതിഭാ​ഗത്തിൻ്റെ വക്കീലിന് ശാരീരിക ബുദ്ധിമുട്ടുണ്ടന്ന് ചൂണ്ടിക്കാണിച്ച് ഒന്നാം കോടതിയിൽ നിശ്ചയിച്ചിരുന്ന വിചാരണ താഴെ നിലയിലെ കോടതിയിലേയ്ക്ക് മാറ്റണം എന്ന ആവശ്യം കോടതി അം​ഗീകരിച്ചിരുന്നു. അങ്ങനെയാണ് വിചാരണ നാലാം കോടതിയിലേയ്ക്ക് മാറ്റുന്നത്. എന്നാൽ ഈ കോടതിയിൽ ശാരീരിക ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച അഭിഭാഷകൻ നേരിട്ട് ഹാജരായിരുന്നില്ല. ഓൺലൈനിലൂടെയായിരുന്നു അദ്ദേഹം ഹാജരായത്. അങ്ങനെ ഹാജരാകാനായിരുന്നെങ്കിൽ കേസ് ഒന്നാം നിലയിൽ നടത്തുന്നതിന് എന്തായിരുന്നു തടസ്സമെന്നും സൈഫുദ്ദീൻ ഹാജി ചോദിച്ചു. കോടതി മാറ്റമെന്നത് മനപൂ‍ർവ്വം കേസ് നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമായിരുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. കേസ് നാലാം കോടതിയിൽ വന്നപ്പോൾ പ്രോസിക്യൂട്ടർ മാറി പകരം ഇത്തരം കേസുകൾ കൈകാര്യം ചെയ്ത് പരിചയ സമ്പന്നനല്ലാത്ത ആൾ വന്നതിനെയും സൈഫുദ്ദീൻ ചോദ്യം ചെയ്തു.

ഇത്തരത്തിൽ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ കാര്യപ്രാപ്തിയുള്ള പ്രോസിക്യൂട്ടറെ അനുവദിച്ച് തരണമെന്ന് അഭ്യർത്ഥിച്ച് ബഷീറിൻ്റെ ഭാര്യ ജസീല ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു. പിന്നാലെ ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിലും ഹർജി ഫയൽ ചെയ്തിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിശ്ചയിച്ചിട്ടുണ്ടെന്നും ഉത്തരവിറക്കാൻ സാവകാശം വേണമെന്നുമായിരുന്നു സർക്കാർ നിലപാട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഉത്തരവ് ഇറക്കാൻ ഒരു മാസത്തെ സമയം ഹൈക്കോടതി സർക്കാരിന് അനുവദിച്ച് നൽകി. അതുവരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ നടക്കുന്ന വിചാരണ നിർത്തിവെയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതിയിൽ നൽകിയ ഉറപ്പ് സർക്കാർ പിന്നീട് അട്ടിമറിക്കുകയായിരുന്നു എന്നാണ് സൈഫുദ്ദീൻ ഹാജിയുടെ ആരോപണം.

അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നല്ല സമീപനമാണ് ഈ ആവശ്യത്തോട് സ്വീകരിച്ചതെന്നും സൈഫുദ്ദീൻ വ്യക്തമാക്കി. ‍തങ്ങളുടെ മുന്നിൽവെച്ച് തന്നെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ വിളിച്ച് അവർ വന്ന് കാണും കാര്യങ്ങൾ വേ​ഗത്തിൽ ചെയ്യണമെന്ന് രമേശ് ചെന്നിത്തല വിളിച്ച് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച ഫയലുകൾ ആഭ്യന്തരവകുപ്പിൽ ശരവേ​ഗത്തിലാണ് നീങ്ങിയത്. ഉത്തരവിറങ്ങുമെന്ന കരുതപ്പെട്ട ദിവസം മന്ത്രിയുടെ ഓഫീസിൽ എത്തിയെങ്കിലും ഫയൽ അവിടെ വന്നിരുന്നില്ലെന്നും സൈഫുദ്ദീൻ വെളിപ്പെടുത്തി. തങ്ങൾക്ക് കിട്ടിയ വിവരം അനുസരിച്ച് ഈ ഫയൽ ആഭ്യന്തരമന്ത്രിയുടെ മുന്നിലേയ്ക്ക് എത്താതാക്കി എന്നും സൈഫുദ്ദീൻ ആരോപിച്ചു. ചീഫ് സെക്രട്ടറി ഈ ഫലയിൽ പ്രത്യേക താൽപ്പര്യം എടുക്കുകയും പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് എതിരായ നോട്ട് ഫയലിൽ കുറിക്കുകയും ചെയ്തെന്നാണ് അറിയാൻ സാധിച്ചതെന്നും സൈഫുദ്ദീൻ വെളിപ്പെടുത്തി.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചീഫ് സെക്രട്ടറി ഇത്തരമൊരു സമീപനം സ്വീകരിച്ചതെന്നാണ് അറിയാൻ കഴിഞ്ഞതെന്നും സൈഫുദ്ദീൻ ആരോപിച്ചു. ആഭ്യന്തരമന്ത്രിയെ നിഴലിൽ നിർത്തി മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് ഇറങ്ങിയാണ് ശ്രീറാം വെങ്കിട്ടരാമന് വേണ്ടി നികൃഷ്ടമായ പ്രവർത്തി ചെയ്തതെന്നും സൈഫുദ്ദീൻ ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags