Vazhchayugam

Live News

28.3°C
  • Kottayam
October 30, 2026
Follow Us:
VazhchayugamBlogKeralaKerala‘സ്മൃതി വന്ദനം 2026’ ഇന്ന്; മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുന്നതിന് സംസ്ഥാന സർക്കാർ

‘സ്മൃതി വന്ദനം 2026’ ഇന്ന്; മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുന്നതിന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തെ മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുന്നതിനും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ഇന്ന് (സെപ്റ്റംബർ 9ന്) നടക്കും. തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കല്‍ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ അച്യുത മേനോൻ സെന്റർ ഫോർ ഹെല്‍ത്ത് സയൻസസ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. ഡോ.ശശി തരൂർ എം.പി മുഖ്യാതിഥിയാവും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് അധ്യക്ഷയാവും.

2025 ഓഗസ്റ്റ് മുതല്‍ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മരണാനന്തരം അവയവദാനം നിർവഹിച്ച 39 പേരുടെ കുടുംബാംഗങ്ങളെ ചടങ്ങില്‍ മന്ത്രി ആദരിക്കും. അതോടൊപ്പം, ഈ കാലയളവില്‍ അവയവം സ്വീകരിച്ച്‌ പുതുജീവിതത്തിലേക്ക് കടന്നവരും പരിപാടിയുടെ ഭാഗമാകും. മരണാനന്തര അവയവദാന രംഗത്തെ മികച്ച പ്രവർത്തനങ്ങള്‍ക്കുള്ള വിവിധ പുരസ്‌കാര വിതരണവും ഈ മേഖലയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിക്കലും ചടങ്ങില്‍ നടക്കും. മസ്തിഷ്‌കമരണ നിർണയം മുതല്‍ അവയവമാറ്റ ശസ്ത്രക്രിയ വരെയുള്ള വിവിധ ഘട്ടങ്ങളില്‍ സ്തുത്യർഹമായ സേവനം കാഴ്ചവെച്ചവരെയും വേദിയില്‍ ആദരിക്കും. കെ-സോട്ടോയുടെ വാർഷിക റിപ്പോർട്ട് പ്രകാശനവും പുതിയ ടോള്‍ഫ്രീ നമ്പറിന്റെ ലോഞ്ചിംഗും ഇതോടൊപ്പം നിർവഹിക്കും. മരണാനന്തര അവയവദാന സമ്മതപത്രം രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർക്കായി ഓഡിറ്റോറിയത്തിന് സമീപം പ്രത്യേക രജിസ്‌ട്രേഷൻ കൗണ്ടറുകളും സജ്ജീകരിക്കും.

തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ, സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ്. നായർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, കോർപ്പറേഷൻ കൗണ്‍സിലർ എസ്. എസ്. സിന്ധു, തിരുവനന്തപുരം ശ്രീ ചിത്രാ തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കല്‍ സയൻസസ് ആൻഡ് ടെക്‌നോളജി ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി, ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. ബിന്ദു മോഹൻ, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ. രഞ്ജു രവീന്ദ്രൻ, സ്റ്റേറ്റ് മാസ് എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഡോമി ജോണ്‍, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് റീജിയണല്‍ ഡയറക്ടർ (ഇൻ-ചാർജ്) വി. എല്‍. ഹരിത തുടങ്ങിയവർ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags