Vazhchayugam

Live News

28.3°C
  • Kottayam
June 23, 2026
Follow Us:
VazhchayugamBlogMainവീണ്ടും അവസരം നൽകിയില്ല; കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

വീണ്ടും അവസരം നൽകിയില്ല; കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

ഡൽഹി: കേന്ദ്ര ന്യൂനപക്ഷ-ഫിഷറീസ്‌ സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭയിലെ ആറ് വർഷത്തെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് രാജി. രാജ്യസഭയിലേക്ക് അദ്ദേഹത്തിന് വീണ്ടും ബിജെപി അവസരം നൽകിയിരുന്നില്ല. രാഷ്ട്രപതി ദ്രൗപദി മുർമു ജോർജ് കുര്യന്റെ രാജി സ്വീകരിച്ചതായി രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ അറിയിച്ചു.

കോട്ടയം സ്വദേശിയായ ജോർജ് കുര്യൻ 1980-ൽ ബിജെപി രൂപീകൃതമായതു മുതൽ പാർട്ടിയുടെ ഭാഗമായി പ്രവർത്തിച്ചുവരികയാണ്. ബിജെപിയുടെ സംസ്ഥാന ഘടകത്തിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി, ഭാരതീയ യുവമോർച്ചയുടെ ദേശീയ സെക്രട്ടറി, പാർട്ടിയുടെ ദേശീയ നിർവാഹക സമിതി അംഗം എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും പ്രമുഖ ക്രൈസ്തവ സഭകളിലൊന്നായ സീറോ മലബാർ കത്തോലിക്കാ സഭയിലെ അംഗമാണ് ജോർജ് കുര്യൻ. കേരളത്തിൽ ബിജെപിയുടെ സ്വാധീനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ക്രൈസ്തവ സമൂഹവുമായുള്ള ബന്ധം ദൃഢമാക്കുന്നതിനായുള്ള നീക്കത്തിന്റെ ഭാ​ഗമായാണ് അദ്ദേഹത്തെ കേന്ദ്രമന്ത്രി സഭയിൽ ഉൾപ്പെടുത്തിയിരുന്നത്.

ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം ഒരു അഭിഭാഷകൻ കൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കേരളത്തിലെത്തുമ്പോൾ അവരുടെ പ്രസം​ഗങ്ങൾ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയിരുന്നത് ജോർജ് കുര്യനായിരുന്നു.

2016-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യമന്ത്രിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളി മണ്ഡലത്തിൽ ജോർജ് കുര്യൻ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1999 മുതൽ 2004 വരെയുള്ള വാജ്‌പേയി സർക്കാരിൽ മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാൽ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഓഫീസറായും (ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി) ജോർജ് കുര്യൻ സേവനമനുഷ്ഠിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags