
പകർച്ചവ്യാധി പ്രതിരോധം; ഹൈപവർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് നടക്കുന്ന ഹൈപവർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത്. ആരോഗ്യമന്ത്രി കെ മുരളീധരൻ ആദ്യ യോഗം ഉദ്ഘാടനം ചെയ്യും. ഹൈപവർ കമ്മറ്റി അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, ജില്ലയിൽ നിന്നുള്ള എംഎൽഎമാർ തുടങ്ങിയവർ ആദ്യ യോഗത്തിൽ പങ്കെടുക്കും. പകർച്ചവ്യാധി പ്രതിരോധം, തയ്യാറെടുപ്പ്, നിരീക്ഷണം, ചികിത്സ, ഏകോപനം എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് യോഗം ചേരുന്നത്.

ഉദ്ഘാടനത്തിനുശേഷം പത്തുമണി മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ പൊതുജനങ്ങൾ,
ആരോഗ്യപ്രവർത്തകർ, മെഡിക്കൽ രംഗത്തെ വിദഗ്ധർ, സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലെ പ്രതിനിധികളിൽ നിന്ന് അഭിപ്രായം തേടും.

അതേസമയം , സംസ്ഥാനത്ത് ഇന്നലെ 10 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ 2 വീതവും, പാലക്കാട് 1 എന്നിങ്ങനെയാണ് ഇന്നലെ ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം മാത്രം 120 പേർക്ക് രോഗബാധയും 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ പനി ബാധിതരുടെ എണ്ണവും കുറയാതെ തുടരുകയാണ്. എന്നാൽ കൊതുകുകളുടെ ഉറവിട നശീകരണത്തിന്റെ ഭാഗമായി ഡ്രൈ ഡേ ആചരണത്തിനും ഫോഗ്ഗിങ്ങിനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും വെള്ളി, ശനി, ഞായർ എന്നീ മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കാനാണ് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ഇന്ന് സർക്കാർ ഓഫീസുകളിലും, മറ്റ് അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലുമാണ് ഡ്രൈ ഡേ നടപ്പാക്കേണ്ടത്.








