Vazhchayugam

Live News

28.3°C
  • Kottayam
June 14, 2026
Follow Us:
VazhchayugamBlogKeralaടൂറിസ്റ്റ് ബസ്സുകളുടെ വെള്ള നിറം മാറുന്നു

ടൂറിസ്റ്റ് ബസ്സുകളുടെ വെള്ള നിറം മാറുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകൾക്ക് നിലവിലുള്ള ഏകീകൃത വെള്ള നിറം മാറ്റാമെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഉത്തരവിറക്കി. ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറ്റവുമായി ബന്ധപ്പെട്ട പുതിയ ശുപാർശ അതോറിറ്റി സംസ്ഥാന സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ നിറവും റോഡ് സുരക്ഷയും തമ്മിൽ ബന്ധമുണ്ടെന്നതിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പ്രധാന കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ വെള്ള നിറം മാറ്റി മറ്റ് നിറങ്ങൾ നൽകാൻ അനുമതി നൽകിക്കൊണ്ടുള്ള പുതിയ തീരുമാനം അതോറിറ്റി കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ, ഈ നിറം മാറ്റം പൂർണ്ണമായി പ്രാബല്യത്തിൽ വരണമെങ്കിൽ സർക്കാർ നിലവിലുള്ള മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ട്.

പാലക്കാട് വടക്കഞ്ചേരിയിൽ 2022 ഒക്ടോബറിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേരളത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ള നിറം അധികൃതർ കർശനമാക്കിയത്. അഞ്ച് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ 9 പേർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്. ഈ അപകടത്തിന് മുൻപ് വരെ കേരളത്തിലെ ടൂറിസ്റ്റ് ബസുകളിൽ സിനിമാതാരങ്ങളുടെ വലിയ പോസ്റ്ററുകളും, ബഹുവർണ ചിത്രങ്ങളും, കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക്‌സുകളും വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത്തരം അമിത അലങ്കാരങ്ങൾ റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുവെന്നായിരുന്നു അന്ന് അധികൃതർ കണ്ടെത്തിയിരുന്നത്.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മറ്റു ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധയിൽ പെട്ടെന്ന് പെടുന്ന നിറമാണ് വെള്ള എന്നതിനാലാണ് അന്ന് ഈ നിറം തിരഞ്ഞെടുത്തത്. ഒപ്പം റോഡ് സുരക്ഷ മുൻനിർത്തി വിദേശരാജ്യങ്ങളിൽ പൊതുവാഹനങ്ങൾക്ക് വെള്ള നിറം നൽകുന്ന അന്താരാഷ്ട്ര മാതൃകയും കേരളത്തിലെ ഈ മാറ്റത്തിന് വലിയൊരു പ്രേരണയായിരുന്നു.

കൂടാതെ, ബസുകൾ കൂടുതൽ ആകർഷകമാക്കാൻ വേണ്ടി ബസുടമകൾക്കിടയിൽ അനാരോഗ്യകരമായ മത്സരവും അക്കാലത്ത് നിലനിന്നിരുന്നു. ബസുകൾക്കുള്ളിൽ ഡിജെ പാർട്ടികൾക്ക് സമാനമായ ഡാൻസ് ഫ്‌ലോറുകൾ, കൺഫ്യൂഷൻ ഉണ്ടാക്കുന്ന ലേസർ ലൈറ്റുകൾ, അമിതമായ ശബ്ദമുള്ള മ്യൂസിക് സിസ്റ്റങ്ങൾ എന്നിവ സജ്ജീകരിക്കുന്നത് പതിവായിരുന്നു. വടക്കഞ്ചേരി അപകടത്തിന് ശേഷം നടന്ന വിപുലമായ വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് ഇത്തരം അമിത ലൈറ്റുകളും നിയമവിരുദ്ധമായ ശബ്ദസംവിധാനങ്ങളും പല വർണങ്ങളിലുള്ള ഗ്രാഫിക്സുകളും ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരുന്നത്. ഇതിൽ നിറത്തിന്റെ കാര്യത്തിലാണ് ഇപ്പോൾ ട്രാൻസ്‌പോർട്ട് അതോറിറ്റി പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post