
മാഗ്നസ് ക്ലാസന് മുന്നിൽ പ്രഗ്നാനന്ദയുടെ ‘ചെക്ക്മേറ്റ്’!; ലോക ഒന്നാം നമ്പര്‍ താരത്തെ വീണ്ടും അട്ടിമറിച്ചു
ഓസ്ലോ: രണ്ട് വര്‍ഷം മുന്‍പ് തന്റെ 18ാം വയസില്‍ ലോക ഒന്നാം നമ്പര്‍ താരമായ നോര്‍വെ സൂപ്പര്‍ താരം മഗ്നസ് ക്ലാസനെ ഇന്ത്യയുടെ ആര് പ്രഗ്നാനന്ദ ക്ലാസിക്കല്‍ ചെസില്‍ ആദ്യമായി അട്ടിമറിച്ചിരുന്നു. അന്നത്തെ ജയം കേവലം യാദൃശ്ചികമല്ലെന്ന് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രഗ്നാനന്ദ വീണ്ടും തെളിയിച്ചു. നോര്‍വെ ചെസ് പോരാട്ടത്തില്‍ പ്രഗ്നാനന്ദ് ക്ലാസിക്ക് പോരാട്ടത്തില്‍ വീണ്ടും ക്ലാസനെ പൂട്ടി.

നോര്‍വെ ചെസിന്റെ മൂന്നാ റൗണ്ടിലാണ് ലോക ഒന്നാം നമ്പര്‍ താരവും 5 തവണ ലോക ചാംപ്യനുമായ ക്ലാസനു പ്രഗ്നാനന്ദയ്ക്കു മുന്നില്‍ തോല്‍വി വഴങ്ങേണ്ടി വന്നത്. ഈ മത്സരത്തിനു തൊട്ടുമുന്‍പ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു ഇന്ത്യന്‍ താരം. ക്ലാസനു തന്റെ നാട്ടിലെ പോരാട്ടത്തില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ സാധിച്ചിരുന്നില്ല.

ക്ലാസനെതിരെ മത്സരിക്കാനിറങ്ങുമ്പോള്‍ പ്രഗ്നാനന്ദയ്ക്കു ഒരു പോയിന്റ് മാത്രമാണ് ഉണ്ടായിരുന്നത്. ക്ലാസനെ വീഴ്ത്തി താരം 4.5 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. വെളുത്ത കരുക്കളുമായി കളിച്ചാണ് പ്രഗ്നാനന്ദ വിജയം സ്വന്തമാക്കിയത്.

നിലവിലെ ലോക ചാംപ്യന്‍ ഇന്ത്യയുടെ ഡി ഗുകേഷിനു മികവിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. താരം 3.5 പോയിന്റുമായി നാലാം സ്ഥാനത്താണ്. ക്ലാസന് 1.5 പോയിന്റുമായി ആറാമത്.







