
പൊലീസ് ജീപ്പ് തടഞ്ഞു, യുട്യൂബറെ ആക്രമിക്കാന്‍ ശ്രമം; ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ ആക്രമണം, ദൃശ്യങ്ങള്‍ പുറത്ത്
പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷനില്‍ ജില്ലാപഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ജൂലൈ 11ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശ്രീനാദേവിക്കെതിരെ അപകീര്‍ത്തികരമായ പ്രചരണം സമൂഹമാധ്യമങ്ങളില്‍ നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ യുട്യൂബര്‍ രാജന് ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു അക്രമസംഭവമുണ്ടായത്.
പൊലീസ് ജീപ്പ് തടഞ്ഞു നിര്‍ത്തി രാജന് ജോസഫിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും പൊലീസ് സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ചു കയറുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ശ്രീനാദേവി കുഞ്ഞമ്മയ്ക്കൊപ്പം കോണ്‍ഗ്രസ് നേതാവായ ഫെന്നി നൈനാന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരും ഈ അക്രമ ദൃശ്യങ്ങളിലുണ്ട്. പൊലീസ് സ്റ്റേഷനുള്ളിലെ സെല്ലിനു മുന്നില്‍ വെച്ച് രാജന് ജോസഫിനോട് കോണ്‍ഗ്രസ് സംഘം തര്‍ക്കിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്.
സംഭവ ദിവസം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ മാത്രമാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ശ്രീനാദേവിയുടെയും ഫെന്നിയുടെയും പേരുകളും ഉള്‍പ്പെടുത്തിയിരുന്നില്ല.









