
സിസിടിവിയല്ല, പകരം വർണച്ചെടികൾ; മാലിന്യത്തിന് തടയിടാൻ കോഴിക്കോട്ടെ ഗ്രാമം
കോഴിക്കോട്: റോഡരികിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ സാധാരണയായി പൊലീസിൽ പരാതി നൽകുകയോ സിസിടിവി സ്ഥാപിക്കുകയോ ആണ് പതിവ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മാലിന്യക്കൂമ്പാരങ്ങളെ മനോഹരമായ പൂന്തോട്ടങ്ങളാക്കി മാറ്റി നാടിന് മാതൃകയാവുകയാണ് ഒരു ഗ്രാമം. കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് വികസന സമിതിയാണ് മാലിന്യനിക്ഷേപത്തിനെതിരെ ഈ നൂതന ആശയം പ്രാവർത്തികമാക്കുന്നത്.
മാലിന്യം വ്യാപകമായി തള്ളുന്ന മാവൂർ കണ്ണിപറമ്പ് റോഡിൻ്റെ ഇരുവശങ്ങളുമാണ് ഇനി വീട്ടുമുറ്റം പോലെ മനോഹരമാകാൻ ഒരുങ്ങുന്നത്. രണ്ട് കിലോമീറ്റർ ദൂരത്തിൽ റോഡിൻ്റെ ഇരുവശത്തും വർണച്ചെടികളും ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മാവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ, മാവൂർ ഗവൺമെൻ്റ് യുപി സ്കൂൾ, ചാത്തമംഗലം ഗവൺമെൻ്റ് ആർട്സ് ആൻഡ് സയൻസ് കോളജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികൾ കടന്നുപോകുന്ന പ്രധാന പാതയാണിത്. പലപ്പോഴും ഇവിടെയുള്ള മാലിന്യ നിക്ഷേപം ഈ റോഡിലൂടെയുള്ള യാത്രയ്ക്ക് വലിയ പ്രയാസം സൃഷ്ടിക്കാറുണ്ട്. ഇതിന് ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് എട്ടാം വാർഡ് വികസന സമിതി ഒത്തൊരുമിച്ച് ഇത്തരമൊരു തീരുമാനമെടുത്തത്.
എട്ടാം വാർഡ് ഉൾപ്പെടുന്ന രണ്ട് കിലോമീറ്റർ ദൂരത്താണ് ഇനി റോഡിൻ്റെ ഇരുവശങ്ങളിലും ചെടികളും ഫലവൃക്ഷങ്ങളും മനോഹര കാഴ്ചയൊരുക്കുക. കന്നുകാലികൾ ഉൾപ്പെടെയുള്ളവ നശിപ്പിക്കാത്ത വിധത്തിലുള്ള ഇലച്ചെടികളാണ് ഇവിടെ കൂടുതലും നട്ടുപിടിപ്പിക്കുന്നത്. കൂടാതെ അധികം വലുപ്പം വയ്ക്കാത്ത ഫലവൃക്ഷത്തൈകളും വച്ചുപിടിപ്പിക്കുന്നുണ്ട്. വി.ബി.ജി റാംജി പദ്ധതിയുടെ സഹായത്തോടെയാണ് വ്യത്യസ്തമായ ഈ ആശയം ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. റോഡിൻ്റെ ഇരുവശങ്ങളിലും ചെടികൾ നട്ടുപിടിപ്പിക്കുന്നത് വി.ബി.ജി റാംജി പ്രവർത്തകരുടെ നേതൃത്വത്തിലാണ്. ഇതിനുപുറമെ പ്രദേശവാസികളും റോഡരികുകളെ ആരാമമാക്കുന്നതിന് സജീവമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.
മറ്റ് പല പദ്ധതികളെയും പോലെ ചെടികൾ നട്ടുപിടിപ്പിച്ച് ഫോട്ടോയെടുത്ത് മടങ്ങുക മാത്രമല്ല ഇവർ ചെയ്യുന്നത്. പകരം നട്ട ചെടികൾ കൃത്യമായി സംരക്ഷിക്കുന്നതിന് വാർഡിലെ ഒൻപത് അയൽസഭകൾക്ക് ഓരോ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ചുമതല നൽകിയിട്ടുണ്ട്. വാഹനങ്ങൾക്കും യാത്രക്കാർക്കും തടസമാകാത്ത വിധത്തിലാണ് ഈ വേറിട്ട ആശയം നടപ്പിലാക്കുന്നത്. മാവൂർ കണ്ണിപറമ്പ് റോഡിൽ പലവിധത്തിലുള്ള വർണച്ചെടികൾ നിറയുന്നതോടെ ഇനി മാലിന്യ നിക്ഷേപത്തിന് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
നിലവിൽ റോഡിൻ്റെ ഇരുവശങ്ങളും കാടുപിടിച്ച് കിടക്കുന്നതുകൊണ്ടാണ് ആളുകൾ ഇവിടേക്ക് മാലിന്യം വലിച്ചെറിയുന്നതെന്നും ഇത് വലിയ മാലിന്യക്കൂമ്പാരമായി മാറിയതെന്നും ഗ്രാമപഞ്ചായത്ത് അംഗം കെ ഉസ്മാൻ വ്യക്തമാക്കി. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നടന്നുപോകുന്ന പ്രദേശമായതിനാൽ വളർന്നുവരുന്ന പുതുതലമുറയ്ക്ക് ഒരു പ്രചോദനം കൂടിയാവാനാണ് ഈ ഉദ്യമം നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.ബി.ജി റാംജി പദ്ധതിയിൽ ഉൾപ്പെടുത്തി കൾച്ചറൽ ജങ്ഷൻ മുതൽ പടാറുകുളങ്ങര വരെയാണ് റോഡിൻ്റെ ഇരുവശത്തും ചെടികളും ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിക്കുന്നത്.








