
‘മോദിയെയും അമിത് ഷായെയും നേരിടും, ആദ്യ ലക്ഷ്യം ഗ്യാനേഷ് കുമാര്‍’; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭരണത്തിന്റെ ഉന്നത സ്ഥാനങ്ങളിലുണ്ടാകാമെന്നും അവരെ തങ്ങള്‍ പിന്നീട് നേരിടുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷത്തിന്റെ ആദ്യ ലക്ഷ്യം ഭരണകൂടത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ്. ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെ വെറുതെ വിടില്ല. അവര്‍ കണക്കുപറയേണ്ടി വരുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്കി.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ‘ഇന്ത്യ’ മുന്നണി സംഘടിപ്പിച്ച പ്രതീകാത്മക ‘ജനകീയ ഇംപീച്ച്മെന്റ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാനായി വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് വ്യാപകമായി നീക്കം ചെയ്യാന്‍ കൂട്ടുനിന്നുവെന്ന് ആരോപിച്ചായിരുന്നു സിഇസിക്കെതിരെ പ്രതിപക്ഷം പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം പാസാക്കിയത്. ഭരണഘടനാപരമായ സംരക്ഷണം ഉണ്ടെന്ന ധാരണയില്‍ രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഭരണഘടനാ സംരക്ഷണം തങ്ങളെ രക്ഷിക്കുമെന്ന് ഗ്യാനേഷ് കുമാറോ അദ്ദേഹത്തിന് കീഴിലുള്ള ആറോ ഏഴോ ഉദ്യോഗസ്ഥരോ കരുതുന്നുണ്ടെങ്കില്‍, സ്നേഹത്തോടെ തന്നെ പറയട്ടെ, രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ കാണണം. ജനങ്ങളുടെ വികാരം എന്താണെന്ന് മനസ്സിലാക്കുക.
ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെതിരെയുള്ള ഒറ്റപ്പെട്ട പ്രതിഷേധമല്ല ഇതെന്നും ജനാധിപത്യ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെതിരായ വലിയ പോരാട്ടത്തിന്റെ ഭാഗമാണെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാനും സിബിഐയെയും ഇഡിയെയും രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കാനും ഭരണകൂടത്തിന് സാധിച്ചേക്കാം, എന്നാല്‍ ഇത് ശാശ്വതമല്ലെന്നും ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഗ്യാനേഷ് കുമാര്‍ ഇതിലെ ഒരു ഘടകം മാത്രമാണ്; മറ്റ് പലരുമുണ്ട്. അവര്‍ ആരാണെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഇവിടെ സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്, ഈ മുന്നറിയിപ്പ് നിങ്ങള്‍ കേള്‍ക്കണം. ഞങ്ങള്‍ ഭരണഘടനയെയും രാജ്യത്തെ ജനങ്ങളുടെ ശബ്ദത്തെയും പൂര്‍ണ ശക്തിയോടെ സംരക്ഷിക്കും. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുക മാത്രമല്ല, രാജ്യദ്രോഹക്കുറ്റം ചുമത്തി കോടതിയില്‍ വിചാരണ ചെയ്യണം’ -രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ഡല്‍ഹി രാജാജി മാര്‍ഗിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലെ പുല്‍ത്തകിടിയിലായിരുന്നു പാര്‍ലമെന്റിന് സമാനമായി ഇന്ത്യ മുന്നണി യോഗം ചേര്‍ന്നത്. ലോക്സഭാ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ അധ്യക്ഷത വഹിച്ചു. ഖാര്‍ഗെ അവതരിപ്പിച്ച പ്രമേയത്തെ സമാജ്വാദി പാര്‍ട്ടി നേതാവ് ഹരേന്ദ്ര മാലിക് പിന്താങ്ങി. രാഹുല്‍ ഗാന്ധിയടക്കം 250ഓളം പ്രതിപക്ഷ എംപിമാരും പൗരസമൂഹ പ്രതിനിധികളും കൈയുയര്‍ത്തി പ്രമേയത്തെ ഐകകണ്ഠ്യേന പാസാക്കി. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെല്ലാം പ്രതിപക്ഷത്തിന് മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു അസാധാരണ നടപടിയിലേക്ക് കടക്കേണ്ടി വന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷത്തിന്റെ പ്രതീകാത്മക നടപടിയെ ബിജെപി ശക്തമായി അപലപിച്ചു. പാര്‍ലമെന്റിനെയും ഭരണഘടനാ സ്ഥാപനങ്ങളെയും പ്രതിപക്ഷം പരിഹാസ്യമാക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയമായി രക്ഷിച്ചെടുക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ വീണ്ടും പരാജയപ്പെടുകയാണെന്നും, വേണമെങ്കില്‍ അദ്ദേഹത്തെ പ്രതിപക്ഷത്തിന്റെ ‘ആജീവനാന്ത പ്രതീകാത്മ പ്രധാനമന്ത്രി’യായി പ്രഖ്യാപിക്കാമെന്നും ബിജെപി വക്താവ് സംബിത് പത്ര പരിഹസിച്ചു.









