
റോഡ് സുരക്ഷയും ലഹരിവിരുദ്ധ ബോധവത്കരണവും ; റാഫ് കോട്ടയം ജില്ലാതല ക്യാമ്പയിൻ ഉദ്ഘാടനം ഒക്ടോബർ 29ന്
കോട്ടയം : റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരിവ്യാപനത്തിനെതിരെ യുവതലമുറയെ ബോധവത്കരിക്കുന്നതിനുമായി റാഫ് (റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ-കോളേജ് തല ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.’സുരക്ഷിത യാത്ര, ലഹരിമുക്ത സമൂഹം’എന്ന പേരിലുള്ള ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 29 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് പള്ളം ബുക്കാന ഗേൾസ് ഹൈസ്കൂൾ (ബി.ഐ.ജി.എച്ച്.എസ്.) ഓഡിറ്റോറിയത്തിൽ നടക്കും.ജില്ലാ പ്രസിഡന്റ് ഷാനവാസ് എസ്.എസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം പള്ളം ബിഷപ്പ് സ്പീച്ച്ലി വിദ്യാപീഠം ബർസർ റവ. ലാൽജി എം. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാതല ബോധവത്കരണ ക്യാമ്പയിൻ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. യു. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും.
അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.ആർ. ശ്രീജിത്ത്, കോട്ടയം എക്സൈസ് വിമുക്തി മിഷനിലെ പ്രിവന്റീവ് ഓഫീസറും മെന്ററുമായ ബെന്നി സെബാസ്റ്റ്യൻ എന്നിവർ ബോധവത്കരണ ക്ലാസുകൾ നയിക്കും. ലഹരിവിരുദ്ധ-റോഡ് സുരക്ഷാ പ്രതിജ്ഞ ചിങ്ങവനം ഇൻസ്പെക്ടർ ഓഫ് പോലീസ് അജ്മൽഷാ ചൊല്ലിക്കൊടുക്കും.
കഴിഞ്ഞ മുപ്പത് വർഷമായി കേരളത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്ന ജീവകാരുണ്യ സംഘടനയാണ് റാഫ്. റോഡ് സുരക്ഷ, ലഹരിവിരുദ്ധ പ്രചാരണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ജലജന്യരോഗ പ്രതിരോധം, പരിസര ശുചീകരണം തുടങ്ങിയ മേഖലകളിൽ റവന്യൂ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, എക്സൈസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് സംഘടന പ്രവർത്തിക്കുന്നത്.ജനപ്രതിനിധികൾ, സ്കൂൾ അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. യുവതലമുറയെ റോഡ് സുരക്ഷയെക്കുറിച്ചും ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ചും ബോധവത്കരിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.








