
‘ഓടി ജയിച്ചാലെങ്കിലും ഒരു വീടു കിട്ടുമോ സാറേ…’; കടം വാങ്ങിയ സ്പൈക്കുമായി സ്വര്‍ണം ഓടിയെടുത്ത് അക്ഷയ
കോഴിക്കോട്: ‘ഓടി ജയിച്ചാലെങ്കിലും ഒരു വീടുകിട്ടുമോ സാറേ…’ ട്രാക്കില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ വീട് എന്ന സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് പാലക്കാടുകാരി ജി അക്ഷയ 68മത് സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് എത്തിയത്. ഓല മേഞ്ഞ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന അക്ഷയ കടം വാങ്ങിയ സ്പൈക്കുമായിട്ടാണ് മേളയില്‍ സ്വര്‍ണ നേട്ടം കുറിച്ചത്. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലാണ് അക്ഷയ സ്വര്‍ണമെഡല്‍ നേടിയത്.
ഓടി ഒന്നാമതെത്തിയശേഷം അക്ഷയ പെട്ടെന്ന് സ്പൈക്സ് ഊരി വീണ്ടും ഓടി. അത് സ്‌കൂളിലെ മറ്റൊരു കുട്ടി അതുലിന്റേതാണ്. അവന്റെ മത്സരം തുടങ്ങാന്‍ പോകുന്നു. കാലില്‍ പരിക്ക് പറ്റിയെങ്കിലും ചിരിച്ച മുഖത്തോടെ ചുറ്റുംനോക്കി.
കോഴിക്കോട്ടെ ട്രാക്കില്‍ അവളോടുമ്പോള്‍ പാലക്കാട് പനങ്ങാട്ടിരിയിലെ ഓലമേഞ്ഞ ഒറ്റമുറിവീട്ടില്‍ അമ്മ സൗമ്യയും ഹൃദ്രോഗിയായ ചേച്ചി അര്‍ച്ചനയും പ്രാര്‍ഥനയിലായിരുന്നു. ട്രാക്ടര്‍ ഡ്രൈവറാണ് അച്ഛന്‍ ഗുരുവായൂരപ്പന്‍. പ്രതിരോധശേഷിയില്ലാത്തതിനാല്‍ ശ്വാസംമുട്ടലിന്റെ പ്രശ്‌നങ്ങളുള്ള അനിയന്‍ അഖില്‍ പനങ്ങാട്ടിരി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. കുടുംബത്തിന് സ്വന്തം സ്ഥലമില്ല. അച്ഛന്റെ ചേട്ടന്റെ പേരിലുള്ള സ്ഥലത്താണ് ഇപ്പോഴുള്ള വീട്. ലൈഫ് മിഷനില്‍ അപേക്ഷ കൊടുത്തെങ്കിലും പരിഗണിച്ചില്ല.
പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി ആര്‍ പി എം എച്ച് എസ് എസിലെ പ്ലസ്ടു വിദ്യാര്‍ഥിയായ അക്ഷയയുടെ പ്രയാസങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെയോ മറ്റ് സുമനസുകളുടെയോ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഈ സ്വര്‍ണ നേട്ടത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് പരിശീലകരും സുഹൃത്തുക്കളും. മേളയില്‍ അക്ഷയ 1500 മീറ്ററിലും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സീനിയര്‍ വിഭാഗത്തില്‍ 3000 മീറ്ററില്‍ രണ്ടാം സ്ഥാനവും നാല് കിലോമീറ്റര്‍ ക്രോസ് കണ്‍ട്രിയിലും 1500 മീറ്റര്‍ ഓട്ടത്തില്‍ മൂന്നാം സ്ഥാനവും അക്ഷയ നേടിയിരുന്നു.








