
ശാന്തിവിള ദിനേശിനെതിരേ മേജർ രവി, പരാതി നൽകി എക്സ് സർവീസ്മെൻ സംഘടന
വിവാദ യൂട്യൂബർ ശാന്തിവിള ദിനേശിനെതിരേ സംവിധായകൻ മേജർ രവി. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തിപരമായും വിരമിച്ച സൈനികർക്കെതിരേയും നടത്തിയ അപകീർത്തിപരമായ പരാമർശത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ഫെയ്സ്ബുക്ക് ലൈവിൽ മേജർ രവി അറിയിച്ചു. ഇതിനു പിന്നാലെ എക്സ് സർവീസ്മെൻ സംഘടനയായ അനന്തപുരി സോൾജിയേഴ്സ് ശാന്തിവിള ദിനേശനെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. നടപടി സ്വീകരിക്കുന്നതിനായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്. മറ്റു ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും വിരമിച്ച സൈനികരുടെ സംഘടനകളും പരാതി നൽകുമെന്നും മേജർ രവി അറിച്ചു.
ശാന്തിവിള ദിനേശിനെതിരേ ഫെയ്സ്ബുക്ക് ലൈവിൽ രൂക്ഷമായ പരാമർശങ്ങളാണ് മേജർ രവി നടത്തുന്നത്. തന്നെ വിറ്റ് ജീവിക്കുന്നവരുണ്ടെന്നും അഴുക്ക ചെറുക്കൻ എന്നു പറഞ്ഞ് പട്ടാളക്കാരെ മുഴുവൻ മോശമായി ചിത്രീകരിക്കുവാൻ ശ്രമിക്കുന്നയാളാണ് ശാന്തിവിള ദിനേശെന്നും മേജർ രവി പറുന്നു. വിരമിച്ച പട്ടാളക്കാർക്ക് പട്ടികളുടെ വിലയാണെന്ന ദിനേശന്റെ പരാമർശത്തിനെതിരേ എല്ലാ ജില്ലകളിലും പട്ടാളക്കാരുടെ അസോസിയേഷൻ കേസ് കൊടുക്കുമെന്നും മേജർ രവി പറഞ്ഞു.
ദാവൂദ് ഇബ്രാഹിമിനെ വധിക്കുന്നതിന് പദ്ധതിയിട്ടിരുന്നതായ പരാമർശത്തെ പരിഹസിക്കുന്നതിനെതിരേയും മേജർ രവി മറുപടി പറഞ്ഞു. ‘ദാവൂദിനെ വധിക്കാൻ പദ്ധതിയിട്ടു എന്നു പറഞ്ഞത് ചിലർക്ക് വലിയ പ്രശ്നമാണ്. ദാവൂദ് ഇബ്രാഹിമിനെ കൊല്ലുന്ന കാര്യമാണ് പറഞ്ഞത്, അല്ലാതെ ഇവിടുത്തെ പ്രധാനമന്ത്രിയെ കൊല്ലാനോ അല്ലെങ്കിൽ പാർലമെന്റ് മന്ദിരം ആക്രമിക്കാനോ സ്ഫോടനം നടത്താനോ അല്ല പറഞ്ഞത്. അപ്പോൾ അതിൽ ഇത്രയധികം വേദനിക്കുന്നവനും പരിഹസിക്കുന്നവനും എന്താണെന്നുള്ളത് ഇപ്പോൾ മനസ്സിലായെന്നും മേജർ രവി പറയുന്നു. വിരമിച്ച പട്ടാളക്കാരെ ഉപയോഗിച്ച് ഇന്ത്യൻ സർക്കാർ ഇത്തരം ഓപ്പറേഷനുകൾ പല രാജ്യങ്ങളിലും നടത്താറുണ്ടെന്നും ഇതേക്കുറിച്ച് അറിവില്ലാത്തവരാണ് തന്നെ പരിഹസിക്കാൻ വരുന്നതെന്നും മേജർ രവി പറയുന്നു. ഇതിനു പിന്നിലുള്ള അജണ്ട ഇവരുടെ വാക്കുകളിൽ നിന്നുതന്നെ വ്യക്തമാണെന്നും ഫെയ്സ്ബുക്ക് ലൈവിൽ അദ്ദേഹം പറഞ്ഞു.
‘പട്ടാളത്തിൽ സേവനം അനുഷ്ഠിക്കുന്ന ആളുകൾ ഉണ്ടെന്നും വിരമിച്ചവരെ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുമോ എന്നുമാണ് ചിലരുടെ പരിഹാസം. സേവനത്തിലുള്ള പട്ടാളക്കാർക്ക് എനിക്ക് ഏത് ഓപ്പറേഷൻ വേണം എന്ന് പ്ലാൻ ചെയ്യാൻ പറ്റില്ല, അത് ഗവൺമെന്റ് പറയുന്ന നടപടി മാത്രമേ ചെയ്യാൻ പറ്റൂ – നിങ്ങളുടെ അറിവിലേക്ക് മാത്രമായി പറയുകയാണ്. റിട്ടയർ ആയ ആളുകൾക്ക് വളണ്ടിയർ ആയിട്ട് പോകാം. ശമ്പളം ഒന്നും ചോദിക്കാതെ രാജ്യത്തിനു വേണ്ടി സേവനം ചെയ്ത് മരിച്ചാൽ പോലും ഗവൺമെന്റിൽ നിന്ന് ഒന്നും ആവശ്യപ്പെടില്ല എന്ന് പറഞ്ഞു കഴിഞ്ഞാൽ, അതിനെ പരിഗണിക്കുന്ന ഒരു ഗവൺമെന്റ് ആണ് ഇപ്പോൾ ഭരിക്കുന്നത്. അപ്പോൾ അതിനെക്കുറിച്ചൊന്നും പറഞ്ഞാൽ നിങ്ങൾക്ക് അറിയില്ല, കാരണം നിങ്ങളുടെ കണ്ണ് മഞ്ഞളിച്ചു കിടക്കുകയാണ്. എന്തുപറഞ്ഞാലും ‘സംഘി’ എന്നും പറഞ്ഞുകൊണ്ട് നടക്കുകയാണ് എന്നായിരുന്നു മേജർ രവിയുടെ വാക്കുകൾ.








