Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogGulf Newsമക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തു

മക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തു

റിയാദ്: വിശുദ്ധ നഗരങ്ങളായ മക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം. രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തു. മിസൈലുകളുടെ അവശിഷ്ടങ്ങള്‍ മക്ക, ജിദ്ദ, തായിഫ്, റാബിഗ് മേഖലകളില്‍ വീണു.

അതേസമയം, സൗദിയുടെ സുരക്ഷയെ വെല്ലുവിളിച്ച് ഹൂതികള്‍ നടത്തിയ മിസൈല്‍ ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ പ്രതിരോധസേന പൂര്‍ണ്ണമായി പരാജയപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. കിഴക്കന്‍ പ്രവിശ്യയിലേക്ക് വന്ന ഡ്രോണും റിയാദ് ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലും പുലര്‍ച്ചെ തന്നെ പ്രതിരോധ സേന തകര്‍ത്തു. ഇതിനുപിന്നാലെ ഉച്ചയോടെ ത്വായിഫ്, യാന്‍ബു നഗരങ്ങള്‍ക്ക് നേരെ വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ കൂടി വെടിവെച്ചിട്ടതായി സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി അറിയിച്ചു.

ആക്രമണങ്ങള്‍ക്ക് മുന്നോടിയായി മക്ക, ജിദ്ദ, ത്വായിഫ്, യാന്‍ബു തുടങ്ങിയ പ്രദേശങ്ങളില്‍ മുന്‍കരുതല്‍ ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അതീവ ജാഗ്രതയും കൃത്യമായ പ്രതിരോധ നടപടികളുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. രാജ്യത്ത് നിലവില്‍ പൂര്‍ണ്ണ സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായി സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നീട്ടുകയാണ്. അകാസ എയര്‍ റിയാദിലേക്കുള്ള വിമാനങ്ങള്‍ നവംബര്‍ 30 വരെയും ജിദ്ദയിലേക്കുള്ളവ നവംബര്‍ 10 വരെയും റദ്ദാക്കിയിട്ടുണ്ട്. ഇന്‍ഡിഗോ കമ്പനിയും തങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചത് ദീര്‍ഘിപ്പിച്ചു. ഇന്‍ഡിഗോയുടെ റിയാദ്, ജിദ്ദ, മദീന, ദമ്മാം സര്‍വീസുകള്‍ ഒക്ടോബര്‍ 31 വരെയാണ് നീട്ടിയത്. വിമാന സര്‍വീസുകള്‍ നീണ്ടത് സൗദിയിലേക്ക് മടങ്ങാനിരിക്കുന്നവരുടെയും നാട്ടില്‍ പോകാനിരിക്കുന്നവരുടെയും യാത്രാ പ്ലാനുകളെ താറുമാറാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags