Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogSportsരഞ്ജി ട്രോഫിയിൽ കേരളത്തിന് ആദ്യ വിജയം; ഒഡീഷയെ തകർത്തത് ഇന്നിങ്‌സിനും 36 റണ്‍സിനും

രഞ്ജി ട്രോഫിയിൽ കേരളത്തിന് ആദ്യ വിജയം; ഒഡീഷയെ തകർത്തത് ഇന്നിങ്‌സിനും 36 റണ്‍സിനും

തിരുവനന്തപുരം: ഒഡീഷക്കെതിരായ രഞ്ജി ട്രോഫി മല്‍സരത്തില്‍ കേരളത്തിന് ജയം. ഇന്നിങ്ങ്‌സിനും 36 റണ്‍സിനുമായിരുന്നു കേരളത്തിന്‍റെ തകര്‍പ്പന്‍ ജയം. കേരളം ഒന്നാമിന്നിങ്ങ്‌സില്‍ അടിച്ചു കൂട്ടിയ 404 റണ്‍സിന് മറുപടിയായി ഒഡീഷ ഒന്നാമിന്നിങ്ങ്‌സില്‍ 225 റണ്‍സിന് പുറത്തായിരുന്നു. തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്‌ത ഒഡീഷക്ക് രണ്ടാം ഇന്നിങ്‌സിലും പിടിച്ചു നില്‍ക്കാനായില്ല. 143 റണ്‍സെടുക്കുന്നതിനിടെ ഒഡീഷ ഓള്‍ ഔട്ട് ആവുകയായിരുന്നു.

രണ്ടാം ഇന്നിങ്ങ്‌സില്‍ 34 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത ജലജ് സക്സേനയാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. ഓപ്പണര്‍ ഗൗരവ് ചൗധരിയുടെ 50 റണ്‍സും ക്യാപ്റ്റന്‍ ശുഭാംശു സേനാപതിയുടെ 30 റണ്‍സും ഒഴിച്ചാല്‍ ഒഡീഷ താരങ്ങളില്‍ നിന്ന് കാര്യമായ ചെറുത്തു നില്‍പ്പ് ഉണ്ടായതേയില്ല.

കേരള ബൗളര്‍മാരില്‍ ആദിത്യ സര്‍വാതേ രണ്ടും വൈശാഖ് ചന്ദ്രന്‍ ഒന്നും വിക്കറ്റെടുത്തു. ഒഡീഷയുടെ ഒന്നാമിന്നിങ്ങ്‌സിലും കേരള ബൗളര്‍മാര്‍ എതിരാളികളെ ചുരുട്ടിക്കെട്ടിയിരുന്നു. 40 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത വൈശാഖ് ചന്ദ്രനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആദിത്യ സര്‍വാതേയും രണ്ട് വിക്കറ്റെടുത്ത ജലജ് സക്സേനയുമായിരുന്നു ഒന്നാമിന്നിങ്‌സില്‍ ഒഡീഷയുടെ നടുവൊടിച്ചത്.

കേരളത്തിനു വേണ്ടി ഒന്നാമിന്നിങ്‌സില്‍ മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിന്‍ ബേബിയും നേടിയ സെഞ്ചുറികളാണ് കളിയുടെ ഗതി നിര്‍ണ്ണയിച്ചത്. അസ്ഹറുദ്ദീന്‍ 263 പന്തില്‍ 11 ഫോറുകളോടെ 139 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സച്ചിന്‍ ബേബി 235 പന്തില്‍ 11 ഫോറുകളും ഒരു സിക്‌സറുമടിച്ച് 112 റണ്‍സെടുത്തു. കേരള നിരയില്‍ ആദിത്യ സര്‍വാതേയും അര്‍ധ സെഞ്ച്വറി നേടിയിരുന്നു .തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ടോസ് നേടിയ ഒഡീഷ ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

രഞ്ജി ട്രോഫിയുടെ ഈ സീസണില്‍ രണ്ടു മല്‍സരങ്ങളിലും കേരളത്തിന്‍റെ ബൗളര്‍മാര്‍ സ്ഥിരതയാര്‍ന്ന് പ്രകടനം കാഴ്ചവെക്കുന്നതാണ് കാണുന്നത്. ഝാര്‍ഖണ്ഡിനെതിരായ മല്‍സരത്തില്‍ വൈശാഖ് ചന്ദ്രന്‍ അഞ്ച് വിക്കറ്റും ജലജ് സക്സേന മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു. രഞ്ജി ട്രോഫിയുടെ ഈ സീസണില്‍ എലൈറ്റ് ഗ്രൂപ്പ് സിയില്‍ കേരളം പോയിന്‍റ് പട്ടികയില്‍ ഒന്നാമതാണ്.

രണ്ട് കളികളില്‍ ഒരു ജയവും ഒരു സമനിലയും നേടിയ കേരളത്തിന് എട്ട് പോയിന്‍റാണുള്ളത്. ഝാര്‍ഖണ്ഡിനെതിരായ ആദ്യ മല്‍സരം സമനിലയില്‍ പിരിഞ്ഞതിനെത്തുടര്‍ന്ന് കേരളത്തിന് 3 പോയിന്‍റ് ലഭിച്ചിരുന്നു.ഒന്നാമിന്നിങ്ങ്സില്‍ ലീഡ് നേടിയ ഝാര്‍ഖണ്ഡ് 4 പോയിന്‍റ് സ്വന്തമാക്കിയിരുന്നു. ഒഡീഷക്കെതിരായ ജയത്തോടെ കേരളത്തിന് വീണ്ടും 5 പോയിന്‍റ് ലഭിച്ചു. ഒക്ടോബര്‍ 26 ന് തിങ്കളാഴ്ച ബംഗാളിനെതിരെയാണ് കേരളത്തിന്‍റെ അടുത്ത മല്‍സരം. മംഗലപുരത്തെ കെ സിഎ സ്റ്റേഡിയത്തിലാണ് മാച്ച് നടക്കുക. തുടര്‍ന്ന് നവംബര്‍ രണ്ടിന് കേരളം ഗുജറാത്തിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മല്‍സരം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags