
വിജയ്യെ അസഭ്യം പറഞ്ഞ് ഡിഎംകെ വനിതാ നേതാവിന്റെ പ്രസംഗം; വേദിയില്‍ അസ്വസ്ഥയായി കനിമൊഴി, സോഷ്യല്‍ മീഡിയയില്‍ അമര്‍ഷം പുകയുന്നു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ അസഭ്യ വര്‍ഷവുമായി ഡിഎംകെ വനിതാ നേതാവ്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കനിമൊഴി എംപിയും മേയര്‍ പ്രിയയും വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു അധിക്ഷേപ പരാമര്‍ശം. പരാമര്‍ശത്തില്‍ വേദിയില്‍ കനിമൊഴി അസ്വസ്ഥയായി.
മുഖ്യമന്ത്രി വിജയ്യെ വനിതാ നേതാവ് തന്റെ പ്രസംഗത്തിനിടെ പലവട്ടം നായ എന്ന് വിളിച്ചുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ നിലയ്ക്കാണ് പോക്കെങ്കില്‍ വിജയ് വൈകാതെ മൂക്കില്‍ പഞ്ഞിവച്ച് ഇരിക്കേണ്ടി വരുമെന്ന രൂക്ഷമായ പരാമര്‍ശവും ഈ വനിതാ നേതാവില്‍ നിന്നുണ്ടായി. സോഷ്യല്‍ മീഡിയയിലെ റീലുകള്‍ കൊണ്ട് മാത്രമാണ് വിജയ് അധികാരത്തിലേറിയതെന്നാണ് മറ്റൊരു വിമര്‍ശനം. എം കെ സ്റ്റാലിന് കൊണ്ടുവന്ന പദ്ധതികള്‍ തുടരുക മാത്രമേ വിജയ് ചെയ്യുന്നുള്ളൂ. ജനങ്ങളോട് പറഞ്ഞ ഒരു വാക്കും പാലിക്കാന്‍ പുതിയ ടിവികെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ഭരണം പരാജയമാണെന്നും ഇവര്‍ പ്രസംഗത്തില്‍ ആഞ്ഞടിച്ചു.
വിജയ്ക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളില്‍ ശക്തമായ പ്രതിഷേധം സോഷ്യല്‍ മീഡിയയിലും തെരുവിലും ഉയര്‍ത്തുകയാണ് ഡിഎംകെ. വിവാദ പ്രസംഗം നടക്കുമ്പോള്‍ വേദിയിലുണ്ടായിരുന്ന കനിമൊഴി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. ഈ അസഭ്യ വര്‍ഷം നടക്കുമ്പോള്‍ പ്രതികരിക്കാതിരുന്ന കനിമൊഴിക്കെതിരേയും പൊട്ടിച്ചിരിച്ച മേയര്‍ പ്രിയയ്ക്കെതിരേയും സോഷ്യല്‍ മീഡിയയിലും അമര്‍ഷം ഉയരുകയാണ്.








