
ദക്ഷിണമൂകാംബികയിൽ നവരാത്രി മഹോത്സവത്തിന് വൻ ഭക്തജനത്തിരക്ക്; വിദ്യാരംഭം 21ന് പുലർച്ചെ മുതൽ
കോട്ടയം: ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി പൂജവയ്പ്പ് ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു. പൂജവയ്പ്പിന് മുന്നോടിയായി നടന്ന ഗ്രന്ഥമെഴുന്നള്ളിപ്പിൽ നൂറുകണക്കിന് ഭക്തരാണ് പങ്കെടുത്തത്. കോട്ടയം ജില്ലയിലെ ചിങ്ങവനത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പനച്ചിക്കാട് ക്ഷേത്രം ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന സരസ്വതി ക്ഷേത്രങ്ങളിലൊന്നാണ്.
ഒക്ടോബർ 18ന് വൈകിട്ട് ചോഴിയക്കാട് നിന്ന് ആരംഭിച്ച ഗ്രന്ഥങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറരയോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. വഴിയിലുടനീളം വലിയ സ്വീകരണമാണ് ഘോഷയാത്രയ്ക്ക് ലഭിച്ചത്. ദീപാലംകൃതമായ രഥത്തിൽ ഗ്രന്ഥങ്ങൾ വഹിച്ചുകൊണ്ടുവന്ന ഘോഷയാത്രയെ താലപ്പൊലിയോടെ ക്ഷേത്ര സന്നിധിയിൽ വരവേറ്റു. തുടർന്ന് സരസ്വതി നടയിൽ ഗ്രന്ഥപൂജയും പ്രത്യേക പൂജകളും നടന്നു. ദർശനത്തിനും പൂജവയ്പ്പ് ചടങ്ങുകൾക്കുമായി വലിയ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.
ഞായറാഴ്ച രാവിലെ പതിനൊന്ന് മണിവരെ മാത്രമായിരുന്നു ക്ഷേത്രത്തിൽ വിദ്യാരംഭം ഉണ്ടായിരുന്നത്. പൂജവയ്പ്പിനോടനുബന്ധിച്ച് വിദ്യാരംഭം താത്കാലികമായി നിർത്തിവച്ചു. ഒക്ടോബർ 19ന് ദുർഗാഷ്ടമിയും 20ന് മഹാനവമിയുമാണ്. വിജയദശമി ദിനമായ ഒക്ടോബർ 21ന് പുലർച്ചെ നാലുമണിക്ക് പൂജയെടുപ്പോടുകൂടി വിദ്യാരംഭം പുനരാരംഭിക്കും. വിദ്യാമണ്ഡപത്തിൽ ആചാര്യന്മാർ കുട്ടികളെ എഴുത്തിനിരുത്തും. പതിനായിരത്തോളം കുരുന്നുകൾ ആദ്യാക്ഷരം കുറിക്കാൻ എത്തുമെന്നാണ് ക്ഷേത്രം ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.
നവരാത്രിയോടനുബന്ധിച്ച് നടക്കുന്ന ദേശീയ നൃത്തസംഗീതോത്സവത്തിൻ്റെ ഭാഗമായി സംഗീത സരസ്വതി, കച്ഛപി പുരസ്കാരങ്ങൾ വിതരണം ചെയ്തു. പ്രശസ്ത കഥകളി സംഗീതജ്ഞൻ കോട്ടയ്ക്കൽ മധുവിന് സംഗീത സരസ്വതി പുരസ്കാരവും, വയലിൻ വിദ്വാന്മാരായ പ്രൊഫ. തിരുവിഴ ജി ഉല്ലാസിനും ഇത്തിത്താനം ശ്യാംജി കെ ഭാസിക്കും കച്ഛപി പുരസ്കാരങ്ങളും സമ്മാനിച്ചു. കോട്ടയം എംപി കെ ഫ്രാൻസിസ് ജോർജ് പുരസ്കാര വിതരണം നിർവഹിച്ചു. തുടർന്ന് കഥകളിയും അരങ്ങേറി.
ദുർഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷങ്ങൾക്കായി ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാകുന്നത്. വിശേഷാൽ പൂജകൾക്കും ദേവീദർശനത്തിനുമായി വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് വിജയദശമിയോടനുബന്ധിച്ച് ജനങ്ങൾ എത്തിച്ചേരുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തർക്ക് സുഗമമായ ദർശനത്തിനുമായി ക്ഷേത്ര ഭരണസമിതിയും പൊലീസും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിദ്യാരംഭത്തിന് എത്തുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പ്രത്യേകം സജ്ജീകരിച്ച വരികളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴുമണിക്ക് ശേഷം തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ, അതിരാവിലെ തന്നെ ക്ഷേത്രത്തിൽ എത്തുന്നത് ക്യൂവിലെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ സഹായിക്കും.
തിരക്ക് ഒഴിവാക്കാൻ പൂജകൾക്കുള്ള രസീതുകൾ ക്ഷേത്ര കൗണ്ടറുകൾക്ക് പുറമേ പനച്ചിക്കാട് ക്ഷേത്രത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. ഓൺലൈൻ വഴി ബുക്ക് ചെയ്തവർ അതിൻ്റെ പ്രിൻ്റൗട്ട് കൈയിൽ കരുതണം. ദീർഘനേരം വരിനിൽക്കേണ്ടി വരുന്ന ഭക്തർക്കായി കുടിവെള്ളം, ലഘുഭക്ഷണം, ആവശ്യത്തിന് പാർക്കിങ് സൗകര്യങ്ങൾ എന്നിവ ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുണ്ട്. കുട്ടികളുമായി എത്തുന്നവർ അവരെ എപ്പോഴും ഒപ്പം നിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം.








