
നാട്ടാനകൾക്ക് വൈദ്യ പരിശോധന ക്യാംപ് സംഘടിപ്പിച്ച് കേരള എലിഫൻ്റ് ഓണേഴ്‌സ് ഫെഡറേഷൻ
കോട്ടയം: കേരള എലിഫൻ്റ് ഓണേഴ്‌സ് ഫെഡറേഷൻ നാട്ടാനകൾക്ക് വൈദ്യ പരിശോധനക്യാംപ് സംഘടിപ്പിച്ചു. ആറ് മാസം കൂടുമ്പോൾ ആനകളുടെ ആരോഗ്യനില പരിശോധിച്ച് ഹെൽത്ത് കാർഡിൽ രേഖപ്പെടുത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലായിരുന്നു ക്യാംപ്. കോട്ടയം കിടങ്ങൂരിൽ നടന്ന നാട്ടാനകളുടെ മധ്യമേഖലാ വൈദ്യ പരിശോധനാ ക്യാംപ് ആനകളാൽ സമ്പന്നമായിരുന്നു. ഡോക്‌ടർമാരും ആന പാപ്പാന്മാരും ഒപ്പം ആനകളും ക്യാംപിൽ സഹകരിച്ചു. കിടങ്ങൂർ സുബ്രഹ്മണ്യക്ഷേത്ര പരിസരത്തായിരുന്നു പരിശോധന ക്യാംപ്. പുതുപ്പള്ളി സാധു ഉൾപ്പെടെ 14 ആനകൾ പങ്കെടുത്തു. ആനകളുടെ രക്തം, മൂത്രം, ആനപ്പിണ്ടം എന്നിവയാണ് പരിശോധനയ്ക്കായി ശേഖരിച്ചത്.
ഈ മാസം തന്നെ കൊല്ലത്തും ഇടുക്കിയിലും ക്യാംപ് നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. വിവിധ ദേവസ്വം ബോർഡുകളുടെ ഉടമസ്ഥതയിലുള്ള ആനകളെ ക്യാംപിൽ എത്തിച്ചില്ല. ദേവസ്വം ബോർഡിനു കത്ത് നൽകിയിരുന്നുവെന്നും അടുത്ത ക്യാംപുകളിൽ പങ്കെടുപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.
ആനച്ചെവിയുടെ പിറകിലെ ഞരമ്പിൽ നിന്നാണ് രക്തമെടുത്തത്. രക്ത സാംപിൾ ശേഖരിക്കാൻ സൂചി കുത്തുമ്പോൾ ചെറിയൊരു വേദന അനുഭവപ്പെട്ടതിനാൽ ആനകൾ കുതറി മാറാനും ചെവി വലിക്കാനും ശ്രമിച്ചു. അപ്പോൾ നിയന്ത്രിച്ചു നിർത്തിയത് പാപ്പാന്മാരാണ്. ആനയുടെ ശ്രദ്ധ തിരിച്ചാണ് സാംപിളുകൾ ശേഖരിച്ചത്. പല്ലുകൾ പരിശോധിക്കുന്നതിനു വായ തുറക്കാത്ത ആനകളെ ബിസ്‌കറ്റ് കാണിച്ച് കൊതിപ്പിച്ച് നിർത്തിയതും കൗതുകമായി.
വെറ്ററിനറി വിഭാഗം സെൻ്റർ ഫോർ എലിഫൻ്റ് സ്റ്റഡീസ് മേധാവി ഡോ.ടി.എസ്.രാജീവ്, ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.ബിനു ഗോപിനാഥ്, ഡോ.യു. ഗിരീഷ്, ഡോ.സാബു സി.ഐസക്ക്, ഡോ.ഉണ്ണിക്കൃഷ്‌ണൻ, മണ്ണുത്തി വെറ്ററിനറി കോളജിലെ വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാംപ്. മുൻ ഗവ. ചീഫ് വിപ്പ് എൻ.ജയരാജാണ് ക്യാംപ് ഉദ്ഘാടനം ചെയ്‌തത്. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. രവീന്ദ്ര നാഥൻ അധ്യക്ഷത വഹിച്ചു. കെ. മഹേഷ്, ഗീത സുരേഷ്, മഹേഷ് കുമാർ, ശ്യാംകുമാർ, വി.ജെ.രാധാകൃഷ്‌ണൻ നമ്പൂതിരി, പോത്തൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.








