
ഇടുക്കിയില് ഇന്ന് സിപിഎം ഹര്ത്താല്
തൊടുപുഴ: ഇടുക്കി ജില്ലയില് ഇന്ന് സിപിഎം ഹര്ത്താല് ആചരിക്കുന്നു. രാവിലെ ആറു മണി മുതല് വൈകീട്ട് ആറു വരെയാണ് ഹര്ത്താല്. ഭൂവിഷയങ്ങളില് പരിഹാരം ആവശ്യപ്പെട്ടാണ് സിപിഎം ഹര്ത്താലിന് ആഹ്വാനം നല്കിയിരിക്കുന്നത്. സിഎച്ച്ആര് പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള് സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നു.
ഹര്ത്താലില് നിന്ന് നെടുങ്കണ്ടത്തെ കായികമേള, അടിമ വ്യാപാര നിരോധനം നിലവില് വന്നതിന്റെ 200-ാം വാര്ഷിക ആഘോഷങ്ങള്ക്കായി പോകുന്ന പിആര്ഡിഎസിന്റെ വാഹനങ്ങള്, ജില്ലയ്ക്ക് പുറത്തു നിന്നു വരുന്ന ടൂറിസം, മറ്റ് മേഖലകളിലേക്ക് വരുന്ന വാഹനങ്ങള് എന്നിവയെ ഒഴിവാക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി സി വി വര്ഗീസ് അറിയിച്ചു.
സിപിഎമ്മിന്റെ നേതൃത്വത്തില് പ്രഖ്യാപിച്ചിരിക്കുന്ന ഹര്ത്താലിനെ പിന്തുണയ്ക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി അറിയിച്ചു. യുപിഐ സാമ്പത്തിക ഇടപാടുകള്ക്ക് അധിക സര്ചാര്ജ് ഏര്പ്പെടുത്താനുള്ള കേന്ദ്ര സര്ക്കാര് നീക്കത്തിനെതിരെ ഇന്ന് രാവിലെ കട്ടപ്പന യൂണിയന് ബാങ്ക് ഓഫിസ് പടിക്കലേക്ക് മാര്ച്ചും ധര്ണയും സംഘടിപ്പിച്ചിട്ടുമുണ്ട്.
ഇടുക്കി ഹര്ത്താലിന്റെ പശ്ചാത്തലത്തില് ഇന്നു നടത്താന് നിശ്ചയിച്ചിരുന്ന ഒന്നാം വര്ഷ ഹയര് സെക്കന്ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി വെച്ചു. കേരളം, ഗള്ഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില് നടത്താന് നിശ്ചയിച്ചിരുന്ന പരീക്ഷകള് ആണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഹര്ത്താലിന്റെ പശ്ചാത്തലത്തില് എംജി സര്വകലാശാല ഇന്ന് (ഒക്ടോബര് 16, വെള്ളി) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി വെബ്സൈറ്റില് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് അധികൃതര് അറിയിച്ചു.








